ന്യൂദല്‍ഹി: കൊറോണ മഹാമാരി അവസാനിക്കുന്നതുവരെ പൂര്‍ണ്ണശക്തിയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരോട് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. ദുരിതകാലത്തിന് ശേഷം സ്വാവലംബത്തിന്റെയും സ്വാശ്രയത്വത്തിന്റെയും ഇന്ത്യന്‍ മാതൃക ലോകത്തിന് കാണിച്ചു നല്‍കേണ്ടതുണ്ടെന്നും സര്‍സംഘചാലക് പറഞ്ഞു. വര്‍ത്തമാന കാലത്തെ നമ്മുടെ കര്‍ത്തവ്യം എന്ന വിഷയത്തില്‍ നാഗ്പൂര്‍ മഹാനഗര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ബൗദ്ധിക് പരിപാടിയിലാണ് സര്‍സംഘചാലക് മാര്‍ഗനിര്‍ദേശം നല്‍കിയത്.
സംഘത്തിന്റെ ശാഖയടക്കമുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ച് എല്ലാവരും സേവന രംഗത്ത് സജീവമാണ്. പ്രശസ്തിക്ക് വേണ്ടിയല്ല, ഇതു നമ്മുടെ സമാജമാണെന്നും സമാജസംരക്ഷണം കടമയാണെന്നുമുള്ള ഉത്തമ ബോധ്യത്തിലാണ് നമ്മള്‍ സേവന രംഗത്തുള്ളത്. സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് യാതൊരു ഭേദഭാവങ്ങളുമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി നടത്തുന്ന സേവാ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരേണ്ടതുണ്ട്. കൊറോണയെന്ന മഹാമാരിക്കെതിരായാണ് നമ്മുടെ പോരാട്ടം. എന്നാല്‍ ഇതില്‍ ഭയക്കേണ്ടതില്ല. ആത്മവിശ്വാസത്തോടെ, സഹായം ആവശ്യമായ എല്ലാവര്‍ക്കും അതുറപ്പുവരുത്തണം. സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമൊപ്പം യോജിച്ച് വേണം പ്രവര്‍ത്തിക്കേണ്ടതെന്നും സര്‍സംഘചാലക് നിര്‍ദേശിച്ചു.
സേവന പ്രവര്‍ത്തനങ്ങള്‍ എന്നുവരെ നടത്തണം എന്നാരും ആലോചിക്കേണ്ടതില്ല. എന്നാണോ ഈ രോഗം നിയന്ത്രണവിധേയമാകുന്നത്, അന്നു വരെ നാം സധൈര്യം നിരന്തരം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആയുഷ് മന്ത്രാലയം നല്‍കിയ ജീവിതരീതികളും എല്ലാവരും പാലിക്കണം. ലോകം ഇതാദ്യമായാണ് ഇത്തരമൊരു രോഗത്തെ നേരിടുന്നത്. എന്നാല്‍ എപ്പോഴൊക്കെ പ്രതിസന്ധികള്‍ ഉടലെടുക്കുന്നുവോ അപ്പോഴൊക്കെ ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ് ഇന്ത്യയുടെ രീതി.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ മലിനീകരണങ്ങള്‍ അവസാനിച്ചതോടെ പരിസ്ഥിതി ശുദ്ധീകരിക്കപ്പെട്ടിരിക്കുകയാണ്. ജലസംരക്ഷണം, വൃക്ഷങ്ങളുടെ സംരക്ഷണം, പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കല്‍, ശുചിത്വാവബോധം വര്‍ധിപ്പിക്കല്‍, പശുപരിപാലനം എന്നിവ പുതിയ ജീവിത രീതികളായി സമൂഹത്തെ പഠിപ്പിക്കണം. നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് ലോകത്തിനാകെ മാതൃകയാവാം. പ്രതിസന്ധികളെ അവസരമാക്കി മാറ്റുന്നവരാണ് നമ്മളെന്ന് ഓര്‍ക്കണം, സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: