കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ചത്, സ്രവമെടുത്ത് പരിശോധനയ്ക്കയച്ച ശേഷം ക്വാറന്റൈനിലാക്കാതെ ആരോഗ്യവകുപ്പധികൃതര്‍ വിട്ടയച്ച യുവാവിന്. വീട്ടില്‍പ്പോലും നിരീക്ഷണത്തിലിരിക്കാതെ യുവാവ് കറങ്ങിനടന്നത് ഒരു ഗ്രാമത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്നു. രണ്ടുദിവസത്തോളം ഇയാള്‍ കറങ്ങിനടക്കാന്‍ ഇടയായത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് ആരോപണമുയര്‍ന്നു.
കോട്ടയം ചന്തയിലെ ചുമട്ട് തൊഴിലാളിയായ ഇറഞ്ഞാല്‍ കൊശമറ്റം സ്വദേശിയായ യുവാവിനാണ് കഴിഞ്ഞ ദിവസം വൈറസ്ബാധ സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി ലോഡുമായി കോട്ടയം ചന്തയിലെത്തിയ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ചന്തയിലെ ചുമട്ടുതൊഴിലാളികളെയും അവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കി. ഡ്രൈവറുമായി കൂടുതല്‍ ഇടപഴകിയ യുവാവിന്റെ സ്രവം 22നാണ് പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ എടുത്തത്. സ്രവം എടുത്തതിന് ശേഷം യുവാവിനോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പറഞ്ഞതല്ലാതെ ക്വാറന്റൈനിലാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തയാറായില്ല. അതിനാല്‍ വീട്ടിലെത്തിയ യുവാവ് നാട്ടിലൂടെ സുഹൃത്തുക്കളുമൊത്ത് കറങ്ങി നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നാട്ടിലാകെ ആശങ്ക പടര്‍ന്നത്.
യുവാവിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തതായി നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. വീടിന് സമീപമുള്ള മൈതാനിയില്‍ ഇയാള്‍ വിവിധ പ്രായക്കാരുമായി പന്തുകളിക്കുകയും ആറ്റില്‍ മീന്‍ പിടിക്കാന്‍ പോകുകയും ചെയ്തു. മാത്രമല്ല കഴിഞ്ഞ 23ന് ബന്ധുവിന്റെ വീട്ടിലെ പിറന്നാള്‍ ആഘോഷത്തിലും പങ്കെടുത്തു. ഇയാളുടെ വീടിന്റെ സമീപത്തെ വീടുകളില്‍ സന്ദര്‍ശനവും നടത്തിയതായി നാട്ടുകാരും പറയുന്നു. ഉച്ചയോടെ യുവാവിന്റെ ഫലം വന്നു. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ഇറഞ്ഞാല്‍ പാലത്തിന് സമീപം നില്‍ക്കുമ്പോഴാണ് ആംബുലന്‍സുമായി വരുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണ്‍ മുഖേന അറിയിച്ചത്. യുവാവ് നില്ക്കുന്ന സ്ഥലത്തുനിന്ന് ആംബുലന്‍സില്‍ കയറ്റി അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
യുവാവിന്റെ വീട്ടില്‍ പ്രായമായ അമ്മയും ഒമ്പതും മൂന്നും വയസുള്ള കുട്ടികളുമുണ്ട്. യുവാവിന്റെ അമ്മയുടെ സഹോദരിയുടെ വീടും സമീപത്താണ്. ഇയാള്‍ ഈ വീട്ടിലും പലതവണ പോയി. ഇവിടെയും മൂന്ന് കുട്ടികളുണ്ട്.യുവാവ് നാട്ടില്‍ പല സ്ഥലത്തും കറങ്ങിനടന്നതായി വിവരം ലഭിച്ചതിനാല്‍ സമൂഹവ്യാപനസാധ്യത കണക്കിലെടുത്ത് പോലീസ് ഈ പ്രദേശം അടച്ചുപൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: