തിരുവനന്തപുരം: മലയാളത്തിലേക്ക് ചാനല്‍ തള്ളിച്ച ഇല്ലാതിരുന്ന കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരുടെ സൂപ്പര്‍ സ്റ്റാറായിരുന്നു ഇന്നലെ അന്തരിച്ച രവി വള്ളത്തോള്‍. ടെലിവിഷന്‍ പെട്ടിയിലെ ആദ്യ സൂപ്പര്‍സ്റ്റാറും അദ്ദേഹമാണ്. ദൂരദര്ശന് സീരിയലുകളിലൂടെയാണ് അദ്ദേഹം മലയാളിക്ക് പ്രിയപ്പെട്ടവനാകുന്നത്. ദൂരദര്ശന് മലയാളം ചാനലിന്റെ തുടക്കകാലത്ത്, 1986ല്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ‘വൈതരണി’ എന്ന പരമ്പരയുടെ രചന രവി വള്ളത്തോളിന്റെ അച്ഛന്, നാടകാചാര്യന് ടി.എന്‍. ഗോപിനാഥന് നായരുടേതായിരുന്നു.
അതില്‍ അഭിനയിച്ചുകൊണ്ടായിരുന്നു രവിയുടെ സീരിയല്‍ തുടക്കം. പിന്നീടിങ്ങോട്ട് ടെലിവിഷന്‍ പരമ്പരകളിലെ നിറസാന്നിധ്യമായി. നൂറിലേറെ ടെലിവിഷന്‍ പരമ്പരകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ശ്രീഗുരുവായൂരപ്പന്, വസുന്ധര മെഡിക്കല്‍സ്, മണല്‍സാഗരം, പാരിജാതം, അമേരിക്കന്‍ ഡ്രീംസ് തുടങ്ങിയ മെഗാ സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയനായി. ഇതില്‍ ‘അമേരിക്കന്‍ ഡ്രീംസ്’ എന്ന പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചത്. വിദ്യാര്‍ത്ഥി കാലത്തു തന്നെ നാടകാഭിനയം തുടങ്ങി.
ജഗതി ശ്രീകുമാറും വേണുനാഗവള്ളിയും അടുത്ത സുഹൃത്തുക്കള്‍. മൂന്നുപേരും തിരുവനന്തപുരത്തെ നാടക വേദികളിലെ സജീവ സാന്നിധ്യങ്ങളായി. നാടകത്തില്‍ രവിക്ക് കൂടുതലും സ്ത്രീവേഷങ്ങളായിരുന്നു. വേഷം കെട്ടിനിന്നാല്‍ ഏതു സ്ത്രീയും തോറ്റുപോകുന്ന സുന്ദരി. ഒരു നാടകത്തില്‍ ജഗതി ശ്രീകുമാറിന്റെ നായികയായി രവി വള്ളത്തോള്‍ അഭിനയിച്ചു. കേരളാ സര്‍വ്വകലാശാലയിലെ നാടകമത്സരമായിരുന്നു വേദി. സീരിയലും സിനിമയുമൊന്നും രവി വള്ളത്തോളിന്റെ ലക്ഷ്യങ്ങളായിരുന്നില്ല. അച്ഛന്റെ നാടകം ടെലിവിഷന്‍ സീരിയലായപ്പോള്‍ അതിലഭിനയിക്കാനവസരം ലഭിച്ചു.
ഒന്നിലും അവസരം തേടി അങ്ങോട്ട് ചെന്ന ചരിത്രമുണ്ടായിരുന്നില്ല. അച്ഛന്റെ മേല്‍വിലാസം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ തന്നെ കഴിവും പാരമ്പര്യവും ഉണ്ടായിരുന്നിട്ടും ഇക്കാലത്തിനിടയില്‍ 45 സിനിമകളില്‍ മാത്രം വേഷങ്ങള്‍ ചെയ്യാനേ അദ്ദേഹത്തിനവസരം ലഭിച്ചുള്ളു. ശ്രദ്ധേയമായ വേഷങ്ങള്‍ കുറച്ചുമാത്രം. ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളിലും രവി വള്ളത്തോളിന്റെ മുഖമുദ്ര. ‘രേവതിക്കൊരു പാവക്കുട്ടി’ എന്ന സിനിയുടെ കഥയും അദ്ദേഹത്തിന്റെതാണ്. മക്കളില്ലാതിരുന്ന രവി സ്വന്തം ശ്രാദ്ധം ഗംഗാതീരത്ത് സ്വയം നടത്തിയത് പറഞ്ഞിട്ടുണ്ട്.
പിന്നീടതൊരു കഥയ്ക്ക് വിഷയവുമാക്കി. അടൂര്‍ ഗോപാലകൃഷ്ണന്റെ ചലച്ചിത്രങ്ങളിലാണ് രവി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കിയത്. മതിലുകള്‍, നാലുപെണ്ണുങ്ങള്‍, വിധേയന് തുടങ്ങിയ ചലച്ചിത്രങ്ങളില്‍ ഏറെ മികച്ച പ്രകടനമായിരുന്നു. ടി.വി. ചന്ദ്രന്, എം.പി. സുകുമാരന്‍നായര്‍ തുടങ്ങിവരുടെ ചിത്രങ്ങളിലും അഭിനയിച്ചു. സമാന്തര സിനിമകളിലെ നിറസാന്നിധ്യമാകുമ്പോഴും വാണിജ്യസിനിമകളുടെ ഭാഗമാകാനും അവസരമുണ്ടായി. സാഗരം സാക്ഷി, കമ്മീഷണര്‍, ഗോഡ്ഫാദര്, വിഷ്ണുലോകം, നീവരുവോളം തുടങ്ങിയ സിനിമകളില്‍ നല്ല വേഷത്തിലെത്തി. 2014ല്‍ പുറത്തിറങ്ങിയ ദി ഡോള്‍ഫിന്‍സ് എന്ന ചിത്രത്തിലാണ് അവസാനം വേഷമിട്ടത്.
കുട്ടികളില്ലാത്തതിന്റെ ദു:ഖം മറക്കാനാണ് തണല്‍ എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് മാനസിക വൈകല്യം നേരിടുന്ന കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. സിനിമയില്‍ നിന്ന് ഒഴിഞ്ഞ് അതുമായി മുന്നോട്ടു പോകുമ്പോഴാണ് മരണം കീഴടക്കിയത്. കഴിവും അര്‍ഹതയും ഒരുപോലയുണ്ടായിരുന്ന കലാകാരനായിരുന്നു അദ്ദേഹം. പക്ഷേ, ചലച്ചിത്രമേഖലകളിലെ ക്ലിക്കുകള്‍ക്കുള്ളില്‍പ്പെടാത്തതിനാല്‍ പലപ്പോഴും തഴയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: