കാഞ്ഞങ്ങാട്: കൊറോണാ മഹാമാരിക്കിടയില്‍ ജനങ്ങളുടെ വിവര ശേഖരം അമേരിക്കന്‍ കമ്പനിക്ക് വിറ്റ പിണറായി സര്‍ക്കാരിന് ഇരുളിന്റെ മറവില്‍ കൊള്ളചെയ്യുന്ന കൊള്ളക്കാരന്റെ മനസാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ആരോപിച്ചു.
സ്പ്രിംഗ്ളര്‍ ഇടപാട് റദ്ദാക്കുക, അഴിമതിക്കാരെ കല് തുറുങ്കിലടയ്ക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി ബിജെപി മടിക്കൈ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളര്‍ കമ്പനിക്ക് കൈമാറിയ ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടത്തിയിരിക്കുന്നത്.
സംസ്ഥാനത്തും കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലും നിരവധി സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ച പിണറായി വിജയന് വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഇതില്‍ നിന്ന് തലയൂരാന്‍ സ്വന്തക്കാരായ റിട്ട.ഐഎഎസ് ഉദ്യോഗസ്ഥരെകൊണ്ട് അന്വേഷണമെന്ന പ്രഹസനം ജനങ്ങളെ കബളിപ്പിക്കുകയാണ്.
സമരത്തില്‍ മടിക്കൈ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.മനോജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബിജി ബാബു, ടി.വി.രാജേഷ്, ശങ്കര്‍, പ്രകാശന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: