തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലുള്ള ഇന്ത്യാക്കാരില്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ തിരികെയെത്തിക്കാന്‍ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ പ്രവാസികള്‍ക്കിടയില്‍ തെറ്റിധാരണ പരത്താനാണ് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത് അപലപനീയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
പ്രവാസികളെ തിരികെ കൊണ്ടുവന്നാല്‍ അവരെ ഉള്‍ക്കൊള്ളാന്‍ എല്ലാ തരത്തിലും കേരളം സജ്ജമാണെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിനു തയ്യാറാകുന്നില്ലെന്നുമുള്ള പ്രസ്താവനകളാണ് മന്ത്രിമാരും പ്രതിപക്ഷ നേതാവുമുള്‍പ്പടെയുള്ളവര്‍ പ്രചരിപ്പിക്കുന്നത്. ഭാവിയില്‍ നാല് വോട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും എല്‍ഡിഎഫും ഈ വിഷയത്തെ സമീപിക്കുന്നത്. അവര്‍ നീചരാഷ്ട്രീയത്തിന്റെ വക്താക്കളാകുകയാണ്. പ്രതിസന്ധി കാലത്ത് എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണിതെന്ന് കെ.സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
വസ്തുതകള്‍ അറിഞ്ഞിട്ടും തെറ്റിധാരണകള്‍ പരത്തുന്ന നടപടിയുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരും പ്രതിപക്ഷവും അതില്‍ നിന്ന് പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ മഹാമാരിക്കെതിരായ യുദ്ധത്തിലാണ് ലോകം മുഴുവന്‍. അതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള കടുത്ത നടപടികളിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പ്രവാസികളെ ശരിയായ സമയത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കോടതിയലടക്കം ഇത് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















