Categories: Kerala

പാര്‍ട്ടി ഓഫീസുകളില്‍ റേഷന്‍ കിറ്റുകള്‍: പഴി വ്യാപാരികള്‍ക്ക്; കിറ്റുകള്‍ ഇന്ന് തന്നെ റേഷന്‍ കടകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം

അതേ സമയം ഒരാഴ്ച കഴിഞ്ഞ കിറ്റിന്റെ അവസ്ഥ എന്തായിരിക്കുമെന്ന കാര്യത്തില്‍ വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്.

Published by

കോട്ടയം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ വ്യാപാരികളെ പഴി പറഞ്ഞ് തലയൂരാന്‍ രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടേയും  ശ്രമം. റേഷന്‍ കടകളില്‍ സ്ഥലമില്ലാത്തതിനാല്‍ മറ്റുസ്ഥലങ്ങളില്‍ പലവ്യഞ്ജനക്കിറ്റുകള്‍ സൂക്ഷിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയതെന്നാണ് ഇതുസംബന്ധിച്ച് അവര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇവ സൂക്ഷിക്കാന്‍ സിപിഎം, സിപിഐ ഓഫീസുകള്‍ തന്നെ തിരഞ്ഞെടുത്തത് എന്തിനാണെന്നതിന് മറുപടിയില്ല. മാത്രമല്ല, കിറ്റുവിതരണം പാര്‍ട്ടി പരിപാടിയാക്കിമാറ്റാനുള്ള ഭരണപക്ഷത്തിന്റെ നീക്കം പരാജയപ്പെട്ടതില്‍ നേതൃത്വത്തിന് അസംതൃപ്തിയുമുണ്ട്.

അതേസമയം ഇന്നുതന്നെ കിറ്റുകള്‍ റേഷന്‍ കടകളിലേക്ക് മാറ്റാന്‍ വകുപ്പ്  നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കടകളിലെ സ്ഥലപരിമതി മൂലം പല റേഷന്‍ വ്യാപാരികളും സ്വന്തം വീടുകളിലോ ഒഴിഞ്ഞ കെട്ടിടങ്ങളിലോ ആണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.  

ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ക്യാമ്പ് ചെയ്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മാടപ്പള്ളില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലും വൈക്കം ടിവി പുരം സിപിഐ എല്‍സി ഓഫീസിലുമാണ് കിറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് ഇവ അവിടെനിന്നും കഴിഞ്ഞ ദിവസം മാറ്റിയത്. കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ അരിക്കൊപ്പം വിതരണം ചെയ്യാതെ കിറ്റുകളുടെ വിതരണം 27 മുതലാക്കിയപ്പോള്‍ കിറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട ബാധ്യത വ്യാപാരികള്‍ക്കായി. ഇത് മുതലെടുത്താണ് സിപിഎമ്മും സിപിഐയും കിറ്റുകള്‍ പാര്‍ട്ടി ഓഫീസുകളിലേക്ക് മാറ്റിയത്. തുടര്‍ന്ന് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തന്നെ വിതരണം ചെയ്യാനാണ് നീക്കം നടത്തിയത്. കേന്ദ്രത്തിന്റെ സൗജന്യ റേഷനൊപ്പം കിറ്റുകള്‍ വിതരണം ചെയ്താല്‍ നേട്ടം കേന്ദ്രസര്‍ക്കാരിന് കിട്ടുമോ എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കയാണ് കിറ്റ് വിതരണം മാറ്റാന്‍ കാരണം.  

ഈ മാസം 22 മുതല്‍ വിതരണം ചെയ്യുന്നതിനായി കിറ്റുകള്‍ റേഷന്‍ വ്യാപാരികള്‍ക്ക് നേരത്തെ തന്നെ എത്തിച്ചിരുന്നു. കേന്ദ്രത്തിന്റെ സൗജന്യ അരി വാങ്ങാന്‍ മുന്‍ഗണന വിഭാഗക്കാര്‍ എത്തിയപ്പോള്‍ കിറ്റും കൂടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ഗണന വിഭാഗക്കാര്‍ക്ക് മാത്രമെ കിറ്റും ലഭിക്കുകയുള്ളു. ഇതിനെ ചൊല്ലി ചില റേഷന്‍ കടകളില്‍ വ്യാപാരികളും കാര്‍ഡുമടമകളും തമ്മില്‍ തര്‍ക്കവും നടന്നു.  

അതേ സമയം ഒരാഴ്ച കഴിഞ്ഞ കിറ്റിന്റെ അവസ്ഥ എന്തായിരിക്കുമെന്ന കാര്യത്തില്‍ വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്. ഇവയില്‍ കീടങ്ങള്‍ കയറാനും കിറ്റുകള്‍ പൊട്ടാനുമുള്ള സാധ്യതയും അവര്‍ തളളിക്കളയുന്നില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by