ബെംഗളൂരു: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റാന്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും ആക്രമിച്ച കേസിലെ പ്രതികളില്‍ അഞ്ചുപേര്‍ക്ക് കൊറോണ.രാമനഗര ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇവരെ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. 30, 22, 35, 32, 23 പ്രായമുള്ള യുവാക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആക്രമണത്തില്‍ 126 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മറ്റു പ്രതികളെ ജയിലില്‍ നിന്ന് ബെംഗളൂരുവിലെ വിവിധ സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കു മാറ്റി. ജയിലിലുണ്ടായിരുന്ന മറ്റ് 17 തടവുകാരെ ജയിലിനുള്ളില്‍ ക്വാറന്റൈന് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ 19നാണ് പദയാനപുരയില് ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, ബിബിഎംപി ഉദ്യോഗസ്ഥര്‍ എന്നിവരെ നൂറ്റമ്പതോളം പേരടങ്ങിയ സംഘം ആക്രമിച്ചത്.
ന്യൂദല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് പത്തുപേര്‍ക്ക് ഇവിടെ കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റാനായി എത്തിയപ്പോഴായിരുന്നു ആക്രമണം. കല്ലും വടികളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച സംഘം വൈദ്യുതി വിളക്കുകള്‍, സിസിടിവി ക്യാമറകള്‍, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍, പന്തല്‍ എന്നിവയും നശിപ്പിച്ചു.
കൂടുതല്‍ പോലീസ് എത്തി അക്രമികളെ അറസ്റ്റു ചെയ്തു. സമ്പര്‍ക്ക പട്ടികയിലുള്ളവരെ ക്വാറന്റൈന് കേന്ദ്രത്തിലാക്കുകയായിരുന്നു. പദരായനവാര്ഡില് മാത്രം തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇതുവരെ 15പേരുടെ പരിശോധന ഫലമാണ് പോസിറ്റിവായിരിക്കുന്നത്. ആക്രമണത്തിനു പിന്നില്‍ തീവ്ര ഇസ്ലാമിക സംഘടനകളായ കന്നഡ ഫോറം ഫോര്‍ ഡിഗ്നിറ്റി (കെഎഫ്ഡി), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെ പങ്കിനെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.
കേസില്‍ പിടിയിലായ ചില പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പിഎഫ്ഐയുടെ അംഗങ്ങളാണെന്ന് വെളിപ്പെടുത്തിയിരുന്നു. പ്രതികളില്‍ എത്രപേര്‍ക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് അന്വേഷിച്ചു വരികയാണെന്ന് ബെംഗളൂരു സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു. ആക്രമണത്തിന്റെ സൂത്രധാരനായ ഇര്ഫാന് പിഎഫ്ഐയുടെ അംഗമാണെന്ന് പോലീസ് പറഞ്ഞു. ഇര്ഫാന് ഉള്‍പ്പെടെ 20 പ്രതികള്‍ ഒളിവിലാണ്. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ സൗമേന്ദ്രു മുഖര്‍ജി, ജോ. കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: