കൊച്ചി: കോടതിയുടെ വിവേകവും ഔദാര്യവും മൂലമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണതലപ്പത്തുള്ളവര്‍ തുടരുന്നത്. സ്പ്ലിങ്കര്‍ കരാര്‍ ഇടപാടില്‍ കോടതി പറയാതെ പറഞ്ഞ വിയോജിപ്പും എതിര്‍പ്പും തിരിച്ചറിയാനുള്ള വിവേകം സര്‍ക്കാരിനുണ്ടെങ്കില്‍ കോടതിയുത്തരവില്‍ ആശ്വാസം കൊള്ളില്ല, അഭിമാനവും ധാര്‍മികതയുമുണ്ടെങ്കില്‍ സ്പ്ലിങ്കറുമായി ഇടപാട് തുടരില്ല.
‘കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ല. സര്‍ക്കാരിന്റെ കരാറില്‍ കോടതിക്ക് തൃപ്തിയില്ല. മറ്റൊരു സാഹചര്യമായിരുന്നെങ്കില്‍ ഇടപെട്ടേനെ. ഇപ്പോള്‍ സന്തുലിതമായ ഇടപെടലേ നടത്താനാവൂ’ എന്ന കോടതിയുടെ ഔദാര്യത്തിന്റെ ആനുകൂല്യത്തിലാണ് സര്‍ക്കാര്‍ രാജിവയ്ക്കാതെ തുടരുന്നത്.
‘സര്‍ക്കാരിനെ കുറ്റപ്പെടുത്തുക കോടതിയുടെ ലക്ഷ്യമല്ല’ എന്ന് വ്യക്തമാക്കി, വീഴ്ചകളും നിയമലംഘനങ്ങളും ചട്ടവിരുദ്ധ നടപടികളുമാണ് കേരളം ഈ വിദേശ കമ്പനിയുമായുള്ള കരാറില്‍ നടത്തിയിരിക്കുന്നതെന്ന് കോടതി ഉയര്‍ത്തിയ ചോദ്യങ്ങളില്‍നിന്ന് വ്യക്തമാണ്. കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ഉയര്‍ത്തിയ എല്ലാ ആശങ്കളും പ്രശ്നങ്ങളും ഇന്നലെ കോടതിമുറിയില്‍ ഡിവിഷന് ബെഞ്ചിന്റെ ഈ വിഷയത്തിലെ സംശയങ്ങളായി. അതായത്, ഇന്ത്യന്‍ ഐടി നിയമത്തിന്റെയും പൗരാവകാശ-വ്യക്തിവിവരസരക്ഷണ നിയമങ്ങളുടെയും ലംഘനങ്ങള്‍ സ്പഷ്ടമാണെന്ന് കോടതി ‘വിധിക്കാതെ’ പറഞ്ഞു.
നിയമ വകുപ്പിനെ നോക്കുകുത്തിയാക്കി, ഐടി സെക്രട്ടറി വിദേശ രാജ്യത്തെ കമ്പനിയുമായി അവിടത്തെ നിയമങ്ങളും അവിടത്തെ കോടതി നടപടികളും അംഗീകരിക്കാമെന്ന് സമ്മതിച്ച കരാര്‍ മാത്രംമതി, പിണറായി സര്‍ക്കാരിനെ കുറ്റക്കാരനാക്കാന്‍. മൂന്നാഴ്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ വരാവുന്ന വിധി മുന്നില്‍ക്കണ്ട് സ്പ്ലിങ്കര്‍ ‘സൗജന്യ സേവന’ കരാര്‍ ഉപേക്ഷിക്കുക, അല്ലെങ്കില്‍ അതുവരെ എല്ലാം നിര്‍ത്തിവയ്ക്കുകയെന്ന മാന്യതയാണ് സര്‍ക്കാരിനു മുന്നില്‍. പക്ഷേ, അത് പിണറായി സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാമോ?
സംസ്ഥാനത്തെയും പുറത്തെയും ഐടി സാങ്കേതിക വിദഗ്ധരും വിജ്ഞാനികളും വിവിധ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയ വിയോജിപ്പുകളും സംശയങ്ങളും തന്നെയാണ് കോടതിയും പറഞ്ഞത്. മാധ്യമ ചര്‍ച്ചകളില്‍ സര്‍ക്കാരിനു വേണ്ടി വാദിച്ച ‘ചാവേറു’കള്‍ പറഞ്ഞതിനപ്പുറമൊന്നും ഐടി സെക്രട്ടറിയുടെ ‘ബ്ലോക്ചെയിന്‍’ വിദഗ്ധകൂടിയായ, മുംബൈയില്‍ നിന്ന് ഇറക്കുമതിചെയ്ത, അഭിഭാഷക എന്‍.എസ്. നപ്പിനൈയ്ക്കും കോടതിയില്‍ വിശദീകരിക്കാനായില്ല. അതായത് മൂന്നാഴ്ച കഴിഞ്ഞാലും ഇതൊക്കെത്തന്നെ സംസ്ഥാന നിലപാട്.
അതിനിടെ, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കറിനോട് ചോദിച്ച വിശദീകരണങ്ങള്‍ക്ക് മറുപടി കൊടുക്കാനുണ്ട്. അതിലെ വിശദീകരണങ്ങള്‍ കൂടിക്കഴിഞ്ഞാല്‍ കേന്ദ്രത്തിന്റെ പുതിയ പ്രസ്താവനയുണ്ടാകും കോടതിയില്‍. അത് സംസ്ഥാന സര്‍ക്കാര്‍ നടപടികളിലുള്ള സമഗ്ര അന്വേഷണത്തിന് വഴി തുറക്കാനിടവരുത്തിയേക്കും. അതിനു മുമ്പ്, ‘ഉപാധികളോടെയുള്ള’ വിവര ശേഖരണത്തിന് കിട്ടിയ കോടതി അനുമതി അംഗീകാരമായി കാണാതെ ‘സൗജന്യ കരാര്‍’ ഒഴിവാക്കാനുള്ള ബുദ്ധിയെങ്കിലും പിണറായി സര്‍ക്കാര്‍ കാണിക്കുമോ എന്നേ കാത്തിരിക്കാനുള്ളു. പക്ഷേ, ഈ ഇടപാടിനു പിന്നിലെ അഴിമതിയുടെ വശം അന്വേഷിക്കേണ്ട മറ്റൊരു പ്രത്യേക വിഷയമായി തുടരും.
സ്വന്തം കരാറോ സംസ്ഥാന ഭരണ സംവിധാനങ്ങള്‍ മുഴുവന്‍ അംഗീകരിച്ച കരാറോ അല്ലാതിരിക്കെ, റദ്ദാക്കാനോ മരവിപ്പിക്കാനോ മുഖ്യമന്ത്രി മടിക്കുന്നെങ്കില്‍ എന്തായിരിക്കും കാരണം എന്ന ചര്‍ച്ചയാണിനി നടക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: