ശ്ലോകം 170
സ്വപ്നേളര്ത്ഥശൂന്യേ സൃജതീ സ്വശക്ത്യാ
ഭോക്ത്രാദി വിശ്വം മന ഏവ സര്‍വ്വം
തഥൈവ ജാഗ്രത്യപി നോ വിശേഷഃ
തത് സര്വമേതത് മനസോ വിജൃംഭണം
സ്വപ്നത്തില്‍ സ്വപ്ന ലോകത്തേയും അതിനെ അനുഭവിക്കുന്നയാളെയുമെല്ലാം മനസ്സ് തന്റെ ശക്തി കൊണ്ട് തന്നെയാണ് സൃഷ്ടിക്കുന്നത്. അവിടെ അനുഭവിക്കുന്ന കാര്യങ്ങളും അനുഭവിക്കുന്നയാളും മനസ്സാണ്. അതു പോലെതന്നെയാണ് ഉണര്‍ന്നിരിക്കുമ്പോഴും മനസ്സിന്റെ വിജൃംഭണമാണ് ഇക്കനാവുന്നതെല്ലാം. സ്വപ്നാവസ്ഥയില് ബാഹ്യ വിഷയങ്ങളുമായി ഒരു ബന്ധവുമില്ല എങ്കിലും അവിടെയൊരു പ്രപഞ്ചവും അതിനെ അനുഭവിക്കലും നടക്കുന്നുണ്ട്. മനസ്സാണ് ഇതിന് പിന്നില്‍ കളിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളെ തുടര്‍ന്ന് ഉള്ളിലുണ്ടാകുന്ന വാസനയാണ് സ്വപ്നത്തെയുണ്ടാക്കുന്നത്. രണ്ടിലും മനസ്സിന്റെ പ്രകടനം കാണാം
സ്വപ്നത്തിന് ഉണര്‍ന്നിരിക്കുന്ന അവസ്ഥയുമായി സമ്പര്‍ക്കമില്ല. മനസ്സ് തന്നില്‍ നിന്ന് തന്നെ സ്വപ്നാഭിമാനിയായ ഭോക്താവിനെയും സ്വപ്ന ലോകത്തേയും സ്വപ്ന അനുഭവങ്ങളേയും സൃഷ്ടിക്കുന്നു. ഭോക്താവ് എന്നാല്‍ അനുഭവിക്കുന്നയാള്‍. അനുഭവ വിഷയങ്ങളെ ഭോഗ്യം എന്ന് പറയും. സുഖദുഃഖങ്ങള്‍ ഇടകലര്‍ന്ന അനുഭവങ്ങളെ ഭുക്തി എന്ന് വിളിക്കും. ഇവ മൂന്നിനേയും സ്വപ്നത്തില്‍ മനസ്സ് തന്നെ സൃഷ്ടിക്കുന്നു. മൂന്നും മനസ്സ് തന്നെ.
എല്ലാവരും ഉണര്‍ന്നിരിക്കുന്ന ജാഗ്രദവസ്ഥയിലും മനസ്സ് തന്നെയാണ് പ്രകടമാകുന്നത്. എല്ലാം മനസ്സിന്റെ കല്പനയാണ്. തന്റെ വാസനയ്ക്കനുസരിച്ച് ഉള്ളില്‍ ഉണ്ടായ സ്വപ്നലോകം ഉള്ളതുപോലെ തോന്നുമെങ്കിലും അത് ശരിയ്ക്കും ഇല്ലാത്തതാണ്. സ്വപ്നം വിട്ടാല്‍ സ്വപ്ന ലോകവും ഇല്ലാതെയായി. ജാഗ്രത്തിലെ പ്രപഞ്ചവും ഇതുപോലെ തന്നെ. ഉള്ളതുപോലെ തോന്നിക്കുന്നതാണ് – മിഥ്യയാണ്. മനസ്സിന്റെ ഒരു പ്രത്യേക തരത്തിലുള്ള പ്രകടമാകലാണ് ബാഹ്യലോകം. മനസ്സ് അടങ്ങിയാല്‍, നിശ്ചലമായാല്‍ ജഗത് പ്രതീതി നശിക്കും.പിന്നെ ഈ ലോകം ഉണ്ടെന്നേ തോന്നില്ല. അപ്പോള്‍ ഒരു ചോദ്യം ഉണ്ടാകാനിടയുണ്ട് നമ്മള് കണ്ടില്ലെങ്കിലും മറ്റുള്ളവര്‍ ലോകത്തെ കാണുന്നില്ലേ? അനുഭവിക്കുന്നില്ലേ? എന്ന്. മറ്റുള്ളവരും നമ്മുടെ മനസ്സിന്റെ പ്രകടമാകില്ലേ. ഇങ്ങനെ എല്ലാവരുടേയും മനസ്സ് അടങ്ങിയാല്‍ പ്രപഞ്ചമുണ്ടാകുകയില്ല.
മനസ്സ് നമ്മെക്കൊണ്ട് ഈ നാനാത്വ പ്രപഞ്ചത്തിനെ അനുഭവിപ്പിക്കുകയാണ്. അതില്‍ നിന്ന് മോചനം വേണമെങ്കില്‍ മനസ്സിന്റെ സ്വാധീനത്തില്‍ നിന്ന് മുക്തരാവണം. മനസ്സിനെ നല്ലപോലെ നിയന്ത്രിച്ച് ബാഹ്യലോകത്തിലേക്ക് പോകാതെ നോക്കണം. ഉള്ളിലേക്ക് തിരിയുകയാണ് വേണ്ടത്.
ശ്ലോകം 171
സുഷുപ്തികാലേ മനസി പ്രലീനേ
നൈവാസ്തി കിഞ്ചിത് സകല പ്രസിദ്ധേഃ
അതോ മനഃ കല്പിത ഏവ പുംസഃ
സംസാര ഏതസ്യ ന വസ്തുതോളസ്തി
സുഷുപ്തിയില്‍ മനസ്സ് മുഴുവനായും ലയിച്ചു പോകുമ്പോള്‍ ഒരു വസ്തുവും ഇല്ല എന്നത് എല്ലാവര്ക്കും അനുഭവമുള്ള കാര്യമാണ്. അതിനാല്‍ മനസ്സിന്റെ വെറും കല്പന മാത്രമാണ് സംസാരം.വാസ്തവത്തില്‍ അതിന് ഉണ്മയില്ല. നല്ല ഉറക്കത്തില്‍ ഒന്നും അറിഞ്ഞില്ല എന്നാണ് എല്ലാവരുടേയും അനുഭവം.
അപ്പോള്‍ മനസ്സ് പൂര്‍ണ്ണമായും ലയിക്കുന്നതിനാലാണ് യാതൊരുവിധ അനുഭവവും ഉണ്ടാകാത്തത്. മനസ്സ് കാരണ രൂപത്തില്‍ നിലകൊള്ളും. സ്വപ്നത്തിലും ജാഗ്രത്തിലും നാമനുഭവിക്കുന്നതൊക്കെ മനസ്സിന്റെ കല്പനയാണെന്നറിയണം. മനസ്സ് വ്യാപരിച്ചാല് മാത്രമേ അനുഭവമുണ്ടാകൂ. മനസ്സാകും മാധ്യമമാണ് നമുക്ക് പ്രപഞ്ച അനുഭവത്തെതരുന്നത്. മനസ്സിനെ മാറ്റിയാല്‍ പിന്നെ പ്രപഞ്ചമില്ല.അതിനാല്‍ സംസാരം മനസ്സിന്റെ തന്നെ കളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: