കോഴിക്കോട്: ലോക്‌ഡൗൺ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ ഓടിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് ബസുടമകൾ. തൊണ്ണൂറ് ശതമാനം ഉടമകളും ഒരുവര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്‌ക്കാന്‍ അപേക്ഷ നല്‍കി. ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന കനത്ത നഷ്ടമുണ്ടാക്കുമെന്നും ഉടമകൾ വ്യക്തമാക്കി.
ഗതാഗതവകുപ്പിന്റെ അനുമതിയോടെ ബസുകള്‍ കയറ്റിയിടുന്നതിനുള്ള ജി ഫോം അപേക്ഷയാണ് ഉടമകള്‍ നല്‍കിത്തുടങ്ങിയത്. മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഓഫീസുകളുടെ മുന്നില്‍ വെച്ചിരിക്കുന്ന പെട്ടികളില്‍ അപേക്ഷയും പണമടച്ചതിന്റെ രേഖയും കൊണ്ടിടുകയാണ് ഉടമകള്‍.
ജി ഫോം നല്‍കിയാല്‍ മൂന്നുമാസത്തേക്കോ ഒരുകൊല്ലത്തേക്കോ ബസുകള്‍ സര്‍വ്വീസ് നടത്താതെ കയറ്റിയിടാം. ഒരിക്കല്‍ കയറ്റിയിട്ടുകഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ഉടമയ്‌ക്ക് ജി ഫോം പിന്‍വലിച്ച് ബസുകള്‍ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്.
കുറഞ്ഞത് രണ്ട് മാസമെങ്കിലും സര്‍വീസ് നടത്താതിരുന്നെങ്കിൽ മാത്രമെ ഇന്‍ഷൂറന്‍സിലും നികുതിയിലും ബസുകൾക്ക് ഇളവ് ലഭിക്കൂ എന്നതും സ്റ്റോപ്പേജിന് അപേക്ഷ നല്‍കാന്‍ കാരണമാണ്. പ്രശ്നം ഗൗരവമുള്ളതെങ്കിലും ഉടമകള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ള 12600 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരുമാസം കഴിഞ്ഞു. ഇതില്‍ 12000 ബസുകള്‍ ലോക്ഡൗണ്‍ തീര്‍ന്നാലും സര്‍വീസ് പുനരാരംഭിക്കില്ലയെന്നാണ് ബസുടമകൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: