ന്യൂദല്‍ഹി: കൊറോണ കാലത്ത് കായികതാരത്തിന്റെ അടിയന്തരചികിത്സയ്ക്ക് ഒന്നിച്ചു കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവും മണിപ്പൂരിലെ ആദ്യ ബിജെപി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങും. ബോക്സിങ്ങിലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് പത്മശ്രീ ഡിങ്കോ സിങ്ങിന്റെ അടിയന്തരചികിത്സയ്ക്കയാണ് ഇരുവരും ഊര്‍ജിത ഇടപെടല്‍ നടത്തിയത്. സഹായഹസ്തവുമായി സ്പൈസ് ജെറ്റ് ചെയര്‍മാനും എംഡിയുമായ അജയ് സിങ്ങും എത്തിയതോടെ ക്യാന്‍സര്‍ ചികിത്സയ്ക്കായി ഇംഫാലില്‍ നിന്ന് ദല്‍ഹിയിലേക്ക് ഡിങ്കോ സിങ്ങിനെ എയര്‍ ആംബുലന്‍സില്‍ എത്തിക്കും. ബോക്സിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് കൂടിയാണ് അജയ് സിങ്.
കരളിലെ ക്യാന്‍സറിനു ചികിത്സയിലായിരുന്നു ഡിങ്കോ സിങ്. ദല്‍ഹിയിലായിരുന്നു ചികിത്സ. ചികിത്സയുടെ ഭാഗമായി അടുത്ത റേഡിയേഷന്റെ തീയതി കഴിഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ മൂലം ഇംഫാലില്‍ നിന്ന് ദല്‍ഹിയിലേക്ക് പോകാനാകാത്ത അവസ്ഥയിലായിരുന്നു ഡിങ്കോ സിങ്. എന്നാല്‍, റേഡിയേഷന് ആവശ്യമാണെന്ന് ഡോക്റ്റര്‍ വീണ്ടും നിര്‍ദേശിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം ആംബുലന്‍സില്‍ ഇംഫാലില്‍ നിന്ന് ദല്‍ഹിയിലേക്ക് പോകാന്‍ ഡിങ്കോ സിങ് തയാറായി. എന്നാല്‍, ഇതു ആരോഗ്യത്തിന് ദോഷകരമാകുമെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു. തുടര്‍ന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായം ഡിങ്കോ സിങ് തേടിയത്. സഹായം ഉറപ്പു നല്കിയ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങുമായി ബന്ധപ്പെട്ടത്. ഡിങ്കോ സിങ്ങിന് ആവശ്യമായി മെഡിക്കല്‍ സഹായം ഉടന്‍ ലഭ്യമാക്കണമെന്ന് നിര്ദേശിക്കുകായായിരുന്നു. ഇതിനു പിന്നാലെയാണ് സ്പൈസ് ജെറ്റ് ചെയര്മാന് ഡിങ്കോ സിങ്ങിനെ സഹായിക്കാന്‍ തയാറാണെന്ന് അറിയിച്ചത്. തികച്ചും സൗജന്യമായാണ് ഡിങ്കോ സിങ്ങിന് എയര്‍ആംബുലന്‍സ് സൗകര്യം സ്പൈസ് ജെറ്റ് ഒരുക്കുന്നത്. ഈ മാസം 25ന് ഇംഫാലില്‍ നിന്ന് ഡിങ്കോ സിങ്ങിനെ ദല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: