ന്യൂദല്‍ഹി: മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ദല്‍ഹി ടീമില്‍ സെലക്ഷന് കിട്ടാത്തതിനെതുടര്‍ന്ന് പൊട്ടിക്കരഞ്ഞ കഥ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഓണ്‍ലൈന്‍ പരിപാടിയില്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു. ആദ്യമായാണ് അന്ന് ദല്‍ഹി ടീമിലേക്കുള്ള സെലക്ഷന് ട്രയല്‍സില്‍ പങ്കെടുത്തത്. മികച്ച കളി തന്നെ കാഴ്ചവച്ചു. ഭേദപ്പെട്ട സ്കോറും നേടി. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേരില്ല. കടുത്ത നിരാശ തോന്നി. നേരം വെളുക്കുന്നത് വരെ പൊട്ടിക്കരഞ്ഞു.
എന്തുകൊണ്ടാണ് തന്നെ തഴഞ്ഞതെന്ന് പലതവണ കോച്ചിനോട് ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. എന്നാല്‍ ചെയ്യുന്ന കാര്യത്തോട് ഇഷ്ടവും അതിനായി സ്വയം സമര്‍പ്പിക്കാനുള്ള ആര്‍ജവവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആഗ്രിച്ചത് നേടാനാകുമെന്നും കോഹ്ലി വിദ്യാര്‍ഥികളോട് പറഞ്ഞു.
ജീവിതത്തില്‍ ക്ഷമ പഠിച്ചത് അനുഷ്ക ശര്‍മ ജീവിതത്തിലെത്തിയശേഷമാണെന്നും കോഹ്ലി വെളിപ്പെടുത്തി. 2013ലാണ് അനുഷ്കയുമായി പ്രണയത്തിലായത്. 2017-ല്‍ ഇവര്‍ വിവാഹിതരായി.
അന്ന് സെലക്ഷന് കിട്ടാതെപോയ കോഹ്ലി ഇന്ന് ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ്. 2006-ല്‍ ദല്‍ഹിക്കായി അരങ്ങേറി. 2008ല്‍ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കകയും ചെയ്തു. രണ്ട് വര്‍ഷത്തിനുശേഷം ശ്രീലങ്കക്കെതിരായ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ചു. അവിടെന്നങ്ങോട്ട്് ലോക റെക്കോഡുകള്‍ ഓരോന്നായി തിരിത്തുക്കുറിച്ച് മുന്നേറുകയാണ് കോഹ്ലി. 86 ടെസ്റ്റില്‍ 27 സെഞ്ചുറിയും 22 അര്‍ധ ശതകവും അടക്കം 7240 റണ്‍സ് നേടി. 53.63 ആണ് ശരാശരി. 248 ഏകദിനങ്ങളില്‍ 43 സെഞ്ചുറിയും 58 അര്‍ധ ശതകവും അടക്കം 11867 റണ്‍സ് കുറിച്ചു. 81 ടി 20 മത്സരങ്ങളില്‍ 24 അര്‍ധശതകം അടക്കം 2794 റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: