കളമശേരി: ഹൈക്കോടതി ഇടപെട്ടതോടെ പെരിയാറിലെ മാലിന്യപ്രശ്‌നത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ തുടങ്ങി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ.പി. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം സാമ്പിളുകള്‍ ശേഖരിച്ചു. പ്രാഥമികമായി ഒന്നും പറയാനാവില്ലെന്നും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും, പുഴ കറുത്ത നിറമാകുന്നതിന്റെ കാരണം ശാസ്ത്രീയ പരിശോധകളിലൂടെ കണ്ടെത്തുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ഇന്നലെ നടന്ന പരിശോധന ഉദ്യോഗസ്ഥരും കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണെന്നും ബണ്ട് വേണ്ടവിധം ഉയര്‍ത്താന്‍ കഴിയാതെ വേലിയേറ്റ സമയത്താണ് ചെയര്‍മാനും സംഘവും എത്തിയത്. പരിശോധന പ്രഹസനമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വ്യവസായ മേഖലയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ പുഴ ഒഴുകുന്നത് രൂക്ഷമായ ഗന്ധത്തോടെ കറുത്ത നിറത്തിലായിരുന്നു. രണ്ടാഴ്ചയിലധികമായി സ്ഥിതി തുടര്‍ന്നതോടെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഉപ്പുവെള്ളവും ശുദ്ധജലവും കലരാതിരിക്കാന്‍ സ്ഥാപിച്ച പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന് സമീപമാണ് മലിനീകരണം രൂക്ഷമായത്. രാവിലെ ഷട്ടര്‍ തുറക്കുന്ന സമയത്ത് ഇവിടെ നിന്ന് സാമ്പിളെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ വേലിയേറ്റം തുടങ്ങി ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. ഈ സമയത്ത് ഷട്ടര്‍ വേണ്ടവിധം ഉയര്‍ത്താനാകില്ല.
സ്ഥലത്ത് പ്രതിഷേധവുമായെത്തിയ അഞ്ചു പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അറസ്റ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ട് അയച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി.കെ. സുധീറിനോടൊപ്പം മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍മാരായ ശ്രീലക്ഷ്മി, ബൈജു, പറവൂര്‍ തഹസില്‍ദാര്‍ എം.എച്ച്. ഹാരീഷ്, ഇറിഗേഷന്‍ വകുപ്പു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. സുരക്ഷ ഒരുക്കാന്‍ ഏലൂര്‍ ബിനാനിപുരം പോലീസും ഉണ്ടായിരുന്നു. എന്നാല്‍ ഏലൂര്‍, കടുങ്ങല്ലൂര്‍ നഗരസഭ പഞ്ചായത്ത് ഭാഗത്തു നിന്നു സര്‍ക്കാര്‍ ജീവനക്കാര്‍ ഇല്ലായിരുന്നു.
ലോക്ഡൗണ്‍ കാലത്തും തീരത്തുള്ള വ്യവസായ സ്ഥാപനങ്ങള്‍ പെരിയാറിലേക്ക് മാലിന്യം തള്ളുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ലോക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 22 മുതല്‍ തുടര്‍ച്ചായി പെരിയാറിലെ മാലിന്യമൊഴുക്കിയ കമ്പനികള്‍ക്കെതിരെ പിസിബി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനിടെ നാലുവട്ടം പെരിയാറില്‍ മത്സ്യക്കുരുതി സംഭവിച്ചു. ഏതാണ്ട് 20 തവണ പെരിയാര്‍ കറുത്തൊഴുകി.
ബിജെപി കളമശേരി നിയോജക മണ്ഡലം ഭാരവാഹികളായ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രമോദ് കുമാര്‍ തൃക്കാക്കര, സെക്രട്ടറി പി. സജീവ്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എ. സുനില്‍ കുമാര്‍ എന്നിവര്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കില്‍ വരും ദിവസം വന്‍സമരപരിപാടികള്‍ നടത്തുമെന്നും ബിജെപി കളമശേരി നിയോജക മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു. പെരിയാര്‍ മലിനീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റയാള്‍ പോരാട്ടവുമായി ബിജെപി പരിസ്ഥിതി സെല്‍ പ്രവര്‍ത്തകന്‍ ഏലൂര്‍ ഗോപിനാഥ് പ്ലക്കാര്‍ഡുമായി പെരിയാറിനു സമീപം പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: