കണ്ണൂര്‍: ജില്ലയില്‍ സര്‍ക്കാര്‍ ദുരിതാശ്വസ പ്രവര്‍ത്തന മേഖലയില്‍ സിപിഎം സര്‍വാധിപത്യം. കോവിഡ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിലും സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പ്പര്യള്ളവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടത്തിയ രജിസ്ട്രേഷന് പ്രഹസനമായി. കക്ഷി രാഷ്ട്രീയത്തിനതീതമായി നിരവധിയാളുകള്‍ സേവന സന്നദ്ധരായി രജിസ്റ്റര്‍ ചെയ്തെങ്കിലും രജിസ്ട്രേഷന് ചെയ്ത സിപിഎം ഇതരരെ മുഴുവന്‍ മാറ്റിനിര്‍ത്തി പാര്‍ട്ടിക്കാരെ മാത്രമാണ് സൗജന്യ അരി വിതരണത്തിനും സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയോഗിച്ചിരിക്കുന്നത്.
പഞ്ചായത്തുകള്‍ ഭരിക്കുന്ന സിപിഎം നേതൃത്വത്തിന്റെയും കമ്മ്യൂണിസ്റ്റ് സഹയാത്രികരായ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ഒത്താശയിലാണ് പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് പാര്‍ട്ടി സഖാക്കളെ ഇറക്കി പ്രവര്‍ത്തനം നടത്തുന്നത്. ഒട്ടുമിക്ക പഞ്ചായത്തുകളിലും റേഷന്‍കടകള്‍ മുഖാന്തിരം വിതരണം ചെയ്യുന്ന കിറ്റ് നിറക്കല്‍ മുതല്‍ വിതരണം വരെ നടത്തുന്നത് പാര്‍ട്ടി സഖാക്കളാണ്. കമ്മ്യൂണിറ്റി അടുക്കളയുടെ സര്‍വ്വാധികാരികളും അതാത് പ്രദേശത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരാണ്. പ്രതിരോധ പ്രവര്‍ത്തനരംഗത്ത് നിരവധി ആരോപണങ്ങളാണ് പാര്‍ട്ടിക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിനംപ്രതി ഉയര്‍ന്നു വരുന്നത്.
സമസ്ത മേഖലകളിലും പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണെന്ന ആരോപണവും വ്യാപകമാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ജനസേവന പ്രവര്‍ത്തനങ്ങളെല്ലാം സ്വന്തം പാര്‍ട്ടിയുടെതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് വ്യക്തമാവുകയാണ്. പാര്‍ട്ടി വകയാണ് സര്‍ക്കാര്‍ നല്കുന്ന കിറ്റുകള്‍ എന്നുവരെ ചിലയിടങ്ങളില്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നു. ജില്ലയിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴില്‍ 350ഓളം കിറ്റുകള്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് സിപിഎം ബ്രാഞ്ച് കമ്മിറ്റി മെമ്പര്മാരേയാണ്. അഞ്ഞൂറോളം പേര് സന്നദ്ധ സേവനതത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ തദ്ദേശസ്ഥാപനത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും സഖാക്കള്‍ക്ക് വിട്ടു നല്‍കിയിരിക്കുകയാണ്.
കിറ്റ് വിതരണം നടക്കുന്ന ഇടങ്ങളിലും സാമൂഹ്യ അടുക്കളയിലുമെല്ലാം ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു കൊണ്ടാണ് പാര്‍ട്ടി സഖാക്കള്‍ വിലസുന്നത്. സമൂഹ അടുക്കളകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടങ്ങളിലും ഭക്ഷണത്തിനെ തുക ഈടാക്കുന്നത് ആരോപണമുയര്‍ന്നിട്ടുണ്ട്. പണമുള്ളവര്‍ക്ക് 25 രൂപയ്ക്ക് വീടുകളില്‍ ചോറ് എത്തിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 25 രൂപക്ക് പകരം 35, 40 രൂപവരെ ചില സാമൂഹിക അടുക്കളയില്‍നിന്ന് വില്‍ക്കപ്പെടുന്ന ഭക്ഷണത്തിന് ഈടാക്കുന്നതായി ആരോപണവും ഉയര്‍ന്നിട്ടുണ്ട് കൂടാതെ സമൂഹ അടുക്കളയിലേക്ക് എന്ന പേരില്‍ തദ്ദേശസ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്ത് വ്യാപാരസ്ഥാപനങ്ങളിലെത്തി അനധികൃതമായി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി പാര്‍ട്ടിയുടെ വിവിധ പോഷകസംഘടനകള്‍ക്ക് നല്കുന്നതായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഇത്തരത്തില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പോഷക സംഘടനകളുടെ പേരില്‍ സൗജന്യമായി വിതരണം ചെയ്യുകയാണ്. സിപിഎമ്മിന്റ മുന്‍ ജില്ലാ സെക്രട്ടറി ചെയര്‍മാനായുള്ള ജീവകാരുണ്യ സംഘടനയ്ക്ക് ഇത്തരത്തില്‍ സര്‍ക്കാറിന്റെ ഭക്ഷ്യധാന്യങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നല്‍കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രളയകാലത്തും മറ്റ് ആപല്‍ഘട്ടങ്ങളിലും ജനങ്ങള്‍ക്കുവേണ്ടി സന്നദ്ധ പ്രവര്‍ത്തനരംഗത്ത് സജീവമായി ഉണ്ടായിരുന്ന നിരവധി സംഘടനകളെയും സംഘടനാ പ്രവര്‍ത്തകരെയും അവഗണിച്ചുകൊണ്ട് പൂര്‍ണമായും സിപിഎമ്മിനെയും പോഷക സംഘടനകളുടെയും നേതാക്കളെയും പ്രവര്‍ത്തകരെയും പ്രതിരോധപ്രവര്ത്തനരംഗങ്ങളില് തിരുകിക്കയറ്റിയതിന് പിന്നില്‍ പാര്‍ട്ടി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ ഭരണാധികാരികളും പാര്‍ട്ടി സഹയാത്രികരായ ഉദ്യോഗസ്ഥരുമാണ്.
സര്‍വമേഖലയിലും പാര്‍ട്ടി ആധിപത്യം ഉണ്ടാക്കി എല്ലാം തങ്ങളാണ് ചെയ്യുന്നതിന് വരുത്തിത്തീര്‍ക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിനെതിരെ വിവിധകോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: