കൂത്താട്ടുകുളം: കൂത്താട്ടുകുളം മാര്‍ക്കറ്റിലെ മീന്‍ സ്റ്റാളുകളില്‍ നിന്ന് 800 കിലോയോളം പഴകിയ മീന്‍ നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. നഗരസഭയുടെ പുതിയ മാര്‍ക്കറ്റിലെ പതിനഞ്ചോളം സ്റ്റാളുകളില്‍ പടുതയും ചാക്കുംകൊണ്ട് മൂടിവച്ച, കെട്ടുകളില്‍ നിന്നാണ് മീന്‍ പിടിച്ചത്.
കെട്ടുകളില്‍ നിന്ന് പട്ടിയും പൂച്ചയും മീന്‍ കടിച്ചു വലിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം മാര്‍ക്കറ്റിലെ സ്റ്റാളുകളില്‍ നടത്തിയ പരിശോധനയിലാണ് കേടായ മീന്‍ കണ്ടെത്തിയത്. ചെമ്മീന്‍, അയല, പരവ, മുള്ളന്‍, സ്രാവ്, നങ്ക്, തെരണ്ടി, കടല്‍ വരാല്, കണ്ണയല, മുള്ളന്‍ തുടങ്ങിയ മീനുകളാണ് പിടിച്ചതിലേ റെയും. ഉപ്പ് ആവശ്യത്തിലധികം ഇട്ട് സൂക്ഷിച്ചിരുന്നെങ്കിലും പല മീന്‍ കെട്ടുകളും അഴുകി പുഴുവരിച്ച് തുടങ്ങിയിരുന്നു.
ലോക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 11നാണ് അവസാനം ചന്ത നടന്നത്. അതിനും മാസങ്ങള്‍ മുമ്പുള്ള മീന്‍ വരെ, കെട്ടുകളില്‍ ഉണ്ടാകാമെന്ന് നാട്ടുകാര്‍ പറയുന്നു. പിടിച്ചെടുത്ത പഴയ മത്സ്യങ്ങള്‍ നഗരസഭ ഡംമ്പിങ് യാര്‍ഡില്‍ കുഴിച്ചുമൂടുമെന്നും കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.
നഗരസഭ ആരോഗ്യ സമിതി അദ്ധ്യക്ഷന്‍ സണ്ണി കുര്യാക്കോസ്, വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷന്‍ സി.എന്‍. പ്രഭകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.ആര്. ബിജു, ബിജോയ് കെ ജോസഫ്, സന്തോഷ്. വി.എസ്. എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: