മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ രണ്ടു സംന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന കേസിലെ മുഖ്യപ്രതികള്‍ സിപിഎം, എന്‍സിപി നേതാക്കള്‍. ഗ്രാമവാസികളെ ആക്രമണത്തിന് പ്രേരിപ്പിച്ചതും സംന്യാസിമാരെയും ഡ്രൈവറെയും മര്‍ദിച്ച് കൊല്ലാന്‍ മുമ്പില്‍ നിന്നതും കാസ ഗ്രാമപഞ്ചായത്തിലെ സിപിഎം അംഗങ്ങളായ വിഷ്ണു പത്താറ, സുഭാഷ് ഭാവാര്‍, ധര്‍മ ഭാവാര്‍ പാല്‍ഗഡ് ജില്ലാ പഞ്ചായത്തിലെ എന്‍സിപി അംഗമായ കാശിനാഥ് ചൗധരി എന്നിവരാണ്. കൊലപാതകങ്ങളുടെ വീഡിയോയില്‍ ഇവര്‍ മൂന്നുപേരെയും വ്യക്തമായി കാണാം.
നാസിക് ത്രയംബകേശ്വറിലെ ശ്രീ പാഞ്ച്ദശ്നം ജുന അഖാഡയിലെ സ്വാമി സുശീല്‍ഗിരി മഹാരാജ്, സ്വാമി കല്പവൃക്ഷഗിരി മഹാരാജ് എന്നിവരും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറായ മുംബൈ കാന്തിവലി സ്വദേശിയായ നിലേഷ് തെല്ഡനും ആണ് കൊല്ലപ്പെട്ടത്. കാസക്കടുത്ത് ഗഡ് ചിഞ്ചലി എന്ന ഗ്രാമത്തില്‍ വച്ചാണ് സംന്യാസിമാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞത്. ഗഡ് ചിഞ്ചലി ഗ്രാമത്തിലെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര ചൗധരി ഉടന്‍ സ്ഥലത്ത് എത്തി സംന്യാസിമാരെ സുരക്ഷിതമായി ഫോറസ്റ്റ് ഗാര്‍ഡ്മാരുടെ റൂമിലേക്ക് മാറ്റി, പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയ ശേഷം ചിത്ര ചൗധരിയും ഗ്രാമവാസികളും പോകാന്‍ തുടങ്ങുന്ന സമയത്താണ് ചിലര്‍ ചേര്‍ന്ന് സംഭവത്തിന്റെ ഗതി തിരിച്ച് വിട്ട് ഗ്രാമവാസികളെ പ്രകോപിപ്പിച്ചത്.
അവര്‍ വടിയും കല്ലും മറ്റ് മാരകായുധങ്ങളും കൊണ്ട് മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംന്യാസിമാരെയും ഡ്രൈവറെയും മര്‍ദിച്ചു കൊല്ലുകയായിരുന്നു. സംന്യാസിമാരെ തടഞ്ഞ് വച്ചതു മുതല്‍ മര്‍ദനമേറ്റ് മരിക്കുന്നതു വരെ മൂന്നു മണിക്കൂറോളം സമയം ഉണ്ടായിരുന്നു. മുപ്പതോളം പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും അരുംകൊല എന്തുകൊണ്ട് തടഞ്ഞില്ല എന്നാണ് സംശയകരം. ആസൂത്രിതമായ ആക്രമണമാണ് നടന്നത് പോലീസുകാരുടെ മുഖത്തു നോക്കി ജീവനുവേണ്ടി യാചിക്കുന്ന വൃദ്ധനായ സംന്യാസിയുടെ ദൃശ്യം വീഡിയോയില്‍ വ്യക്തമാണ്. അറസ്റ്റ് ചെയ്തെന്ന് പോലീസ് പറയുന്ന നൂറ്റിപ്പത്ത് പേരില്‍ 9 പേര് പ്രായപൂര്‍ത്തി ആകാത്തവരാണ്. ബാക്കിയുള്ളവരില്‍ പ്രധാനികള്‍ കമ്മ്യൂണിസ്റ്റ് കാരും, മതം മാറി ക്രിസ്തീയ സമുദായത്തില്‍ എത്തിയവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: