ന്യൂദല്‍ഹി: സിപിഎമ്മിന്റെയും പിണറായി വിജയന്റെയും താന്‍പോരിമയ്ക്കും അഹങ്കാരത്തിനുമേറ്റ അടിയാണ് സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷമായ പരാമര്‍ശങ്ങളെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കൊവിഡ് ഭീതിയില്‍ നാടും നഗരവും ആശങ്കയുടെ മുള്‍മുനയില്‍ നില്ക്കുമ്പോള് അതിന്റെ മറപിടിച്ച് സര്‍ക്കാര്‍ തിടുക്കത്തില്‍ ഇത്തരമൊരു കരാറുണ്ടാക്കിയത് തികച്ചും സംശയാസ്പദമാണ്. എല്ലാ ദിവസവും വൈകിട്ട് ആറുമണിക്ക് ചാനല്‍ ക്യാമറകള്‍ക്കുമുന്നിലെത്തി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നീട്ടിവിളമ്പുന്ന മുഖ്യമന്ത്രി ഈ കരാറിന്റെ കാര്യം മിണ്ടാതിരുന്നത് മറന്നുപോയതുകൊണ്ടാണെന്ന് കരുതാനുമാകില്ല.
സര്‍ക്കാരോ പിണറായി വിജയനോ എന്തു ചെയ്താലും മിണ്ടാതിരുന്നുകൊളളണമെന്നാണ് സിപിഎം കരുതുന്നതെങ്കില്‍ അവര്‍ക്കുളള മുന്നറിയിപ്പ് കൂടിയാണ് ഹൈക്കോടതിയുടെ ഈ താക്കീത്. മലയാളികളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയുടെ സെര്‍വറിലേക്ക് കൈമാറുന്നത് അത്ര വലിയ കാര്യമൊന്നുമല്ലെന്നാണ് സര്‍ക്കാരിനായി അഡീഷണല്‍ എ.ജി ഇന്ന് കോടതിയില്‍ പറഞ്ഞത്. എത്ര ലാഘവത്തോടെയാണ് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിവരശേഖരണം സര്‍ക്കാര്‍ നടത്തുന്നതെന്നോര്‍ക്കണം.
ജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിനുത്തരവാദിമില്ലെങ്കില്‍ തങ്ങള്‍ക്കുണ്ട് എന്നുകൂടിയാണ് ഡിവിഷന് ബെഞ്ച് ഓര്‍മിപ്പിച്ചത്. കൃത്യമായ ഉത്തരം പറയാനാകാതെ അഡീഷണല്‍ എ ജി വിയര്‍ത്തതില്‍ നിന്ന് മറ്റൊരു കാര്യം കൂടി ഉറപ്പിക്കാം. സര്‍ക്കാര്‍ ഈ കരാര്‍ ഇടപാടില്‍ എന്തൊക്കെയോ മറച്ചുപിടിക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാം രഹസ്യത്തിന്റെയും സംശയത്തിന്റെയും താക്കോല്‍ പിണറായി വിജയന് എളിയില്‍ കൊണ്ടുനടക്കുന്നത്. നിയമവകുപ്പിന്റെ പോലും ഉപദേശം തേടാതെ രാജ്യാന്തര കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് എന്തിനെന്ന സര്‍ക്കാരിന്റെ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ കേരളത്തിലെ സഖാക്കന്‍മാര്‍ക്കെ കഴിയൂ. സാധാരണ ജനത്തിന് പറ്റില്ല. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ തങ്ങളെ പറഞ്ഞുപറ്റിച്ചോയെന്ന് അവര്‍ക്കറിയാന്‍ അവകാശമുണ്ട്.
പിന്നെ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിച്ചാല്‍ ട്രോളുണ്ടാക്കി എഴുതി മുടിപ്പിച്ചുകളയുമെന്നാണ് സൈബര്‍ സഖാക്കള്‍ കരുതുന്നതെങ്കില്‍ ഒന്നുമനസിലാക്കുക. സത്യത്തിന്റെ സൂര്യനെ നിങ്ങള്‍ക്ക് എല്ലാക്കാലവും സ്വന്തം കൈപ്പത്തി കൊണ്ടേ മറയ്ക്കാനാകൂ. അത് നിങ്ങളുടെ കണ്ണിനെയേ അന്ധനാക്കൂ. പൊതു ജനം കണ്ണുതുറന്ന് എല്ലാ കാണുന്നുണ്ട്. സത്യം അറിയുന്നുണ്ട്. അന്തസുണ്ടെങ്കില്‍, കേരളത്തിലെ ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെങ്കില്‍ പിണറായി വിജയനും ഇടതുസര്‍ക്കാരും മുഴുവന്‍ സത്യങ്ങളും തുറന്നു പറയണം. ഇടപാടില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണം. അല്ലെങ്കില്‍ കരാറില്‍ നിന്ന് പിന്മാറി കൈകള്‍ ശുദ്ധമെന്ന് തെളിയിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അതിനുളള ചങ്കുറപ്പുണ്ടോയെന്ന് തുറന്നു പറയട്ടെ.
വിവാദത്തില്‍ നിന്ന് ഓടിയൊളിക്കാനുളള ശ്രമമാണ് മുഖ്യമന്ത്രി തുടരുന്നത്. ഇന്നത്തെ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഉത്തരം പ്രതീക്ഷിച്ച ചോദ്യങ്ങള്‍, അത് ചോദിക്കാന്‍ അവസരമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ആരും ഉന്നയിച്ചില്ല! സ്പ്രിംക്ലറിനെപ്പറ്റി ചോദിച്ചാല്‍ അടച്ചാക്ഷേപിക്കുമെന്ന് പേടിച്ച് ഭക്ത സംഘത്തില്‍ പെട്ട മാധ്യമ പ്രവര്‍ത്തകരാരും ഒന്നും ഉരിയാടി കണ്ടില്ല. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെല്ലാം സി പി എമ്മിന്റെ ഏറാന്‍ മൂളികളായോ എന്ന സംശയമാണ് ജനങ്ങള്‍ക്കിന്നുണ്ടായത്. മണിക്കൂറുകളായി തലക്കെട്ട് വാര്‍ത്തയാക്കിയിട്ടും ഉത്തരം തരേണ്ടയാളുടെ മുന്നിലെത്തിയപ്പോള്‍ മുട്ടുവിറച്ചോ നിങ്ങള്‍ക്കെല്ലാം ?പിണറായി വിജയന് , നിങ്ങള്‍ എവിടേക്ക് ഓടി ഒളിച്ചാലും നീതിയുടെയും നിയമത്തിന്റെ പടവാള് നിങ്ങളെ തേടിവരും. വരും ദിവസങ്ങള്‍ അതിനുളളതാണെന്നും വി മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: