തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ തീരുമാനമായി. ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേയ്‌ക്ക് പിടിക്കാനാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകരേയും പോലീസിനേയും ഇതില്‍ നിന്നും ഒഴിവാക്കില്ലെന്നും മന്ത്രിസഭായോഗം അറിയിച്ചിട്ടുണ്ട്.
20000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവര്‍ക്ക് താത്പ്പര്യം ഉണ്ടെങ്കില്‍ ശമ്പളം നല്‍കാമെന്നും മന്ത്രിസഭ അറിയിച്ചു. ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിച്ച് വക്കുന്നത് വഴി ഒരു മാസത്തെ ശമ്പളത്തുക സമാഹരിക്കുകയാണ് ലക്ഷ്യമിടുന്നത്. അതേസമയം സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് പിടിച്ച തുക തിരിച്ച് നല്‍കുമെന്ന വ്യവസ്ഥയും കൂടി ഉള്‍പ്പെടുത്തിയാകും ഉത്തരവിറങ്ങുകയെന്നും മന്ത്രിസഭ അറിയിച്ചിട്ടുണ്ട്.
ഇത് കൂടാതെ മന്ത്രിമാരുടെയും ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരുടേയും എംഎല്‍എമാരുടേയും ശമ്പളം മുപ്പത് ശതമാനം വീതം ഒരുിവര്‍ഷത്തേയ്‌ക്ക് പിടിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആറ് ദിവസത്തെ ശമ്പളം വച്ച് അഞ്ച് മാസം പിടിക്കുകയും അതോടൊപ്പം തിരിച്ച് കൊടുക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ജീവനക്കാരുടെ എതിര്‍പ്പ് അത്രകണ്ട് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഈ നടപടി.
ഡിഎ കുടിശിക പിടിച്ചെടുത്ത് 2700 കോടി രൂപ സമാഹരിക്കുക, ഡിഎ കുടിശക മരവിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളെല്ലാം പരിഗണനക്ക് വന്നിരുന്നതാണ്. സാലറി ചലഞ്ച് തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന അവസ്ഥയുണ്ടായാല്‍ അതിനെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടന അടക്കം നിയമപരമായി ചോദ്യം ചെയ്യാന്‍ പോലുമുള്ള സാധ്യതയും സര്‍ക്കാര്‍ മുന്നില്‍ കണ്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പലവിധ ബദല്‍ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചത്.
ലോക്ഡൗണിലും പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം പിടിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശ്ശന മുന്നറിയിപ്പ് നല്‍കിയതാണ്. ഇതെല്ലാം അവഗണിച്ചാണ് സംസ്ഥാനം പുതിയ ബദല്‍ സംവിധാനം കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: