റിയാദ് : കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദിയിൽ ഏർപ്പെടുത്തിയ കർഫ്യു സമയത്തിൽ റമദാൻ മാസത്തിൽ മാറ്റം വരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതുക്കിയ സമയം അനുസരിച്ചു പൂർണ്ണമായ ലോക്ക് ഡൗൺ ഏർപ്പെടുത്താത്ത സ്ഥലങ്ങളിൽ വൈകിട്ട് 5 മണി മുതൽ രാവിലെ 9 മണി വരെയാണ് കർഫ്യു.
രാവിലെ 9നും 5 നും ഇടയിൽ ഈ പ്രദേശത്തെ താമസക്കാർക്ക് പുറത്തു പോകാൻ അനുവാദമുണ്ട്. സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കു മാത്രത്തെ ഈ സമയം പുറത്തുപോകാൻ അനുവാദമുള്ളൂ.
ലേബർ ക്യാമ്പുകളിലും മറ്റും ആരോഗ്യമന്ത്രാലയം നടത്തുന്ന ശക്തമായ പരിശോധനകളുടെ ഫലമായി ഇന്ന് കണ്ടെത്തിയത് 1147 പുതിയ കൊറോണ വൈറസ് കേസുകൾ ആണ്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ബാധിതരുടെ എണ്ണം 11631 കടന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മക്ക, മദീന, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ ആണ് ഇന്നും കൂടുതൽ കേസുകൾ കണ്ടെത്തിയിട്ടുള്ളത്.
താമസക്കാരുടെ വീടുകളിൽ പരിശോധനക്കായി 150 മെഡിക്കൽ ടീമുകളെ ആണ് രാജ്യമെമ്പാടും വിന്യസിച്ചിരിക്കുന്നത്. 5 ലക്ഷം പേരെ ഇതിനോടകം പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. ഇന്നും അഞ്ചു മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 109 കടന്നു. 1640 പർ ഇതിനോടകം സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: