ന്യൂദല്‍ഹി: ഇന്ത്യ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് മലയാളിയായ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന പാക് പേസര്‍ ഷൊയബ് അക്തറിന്റെ പ്രസ്താവനോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.
നമ്മള് പാക്കിസ്ഥാനുമായി നല്ല ബന്ധത്തിലല്ല. പാക്കിസ്ഥാനുമായി കളിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട ശേഷമേ മത്സരങ്ങള്‍ പുനരാരംഭിക്കാവൂയെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം തത്സമയ പരിപാടിയില്‍ പറഞ്ഞു. 1983-ല്‍ ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന ഓള് റൗണ്ടര്‍ കപില്‍ദേവാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന് ശ്രീശാന്ത് പറഞ്ഞു.
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ്. മികച്ച പേസര്‍ ജസ്പ്രീത് ബുംറയുമാണെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. രാഹുല്‍ ദ്രാവിഡിന്റെ കീഴിലാണ് ശ്രീശാന്ത് അരങ്ങേറ്റം കുറിച്ചത്. അനില്‍ കുംബ്ലെ, ധോണി എന്നിവരുടെ കീഴിലും കളിച്ചിട്ടുണ്ട്.
വാതുവെപ്പ് ആരോപണങ്ങളെ തുടര്‍ന്ന് ശ്രീശാന്തിനെ ബിസിസിഐ 2013-ല്‍ ആജീവാന്തം വിലക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനഞ്ചിന് സുപ്രീംകോടതി ബിസിസിഐയുടെ അച്ചടക്ക നടപടി റദ്ദാക്കി. ഈ വര്‍ഷം ഓഗസ്റ്റില്‍ ശ്രീകാന്ത് കളിക്കളത്തിലേക്ക് തിരിച്ചവന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: