ഒരു വിദ്യയുടെ വികാസത്തില്‍ അതുമായി ബന്ധപ്പെട്ടവരുടെ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് വലിയ സ്വാധീനമുണ്ട്. വാസ്തുശാസ്ത്രത്തിന്റ പരിപൂര്‍ണത ശില്പികളുടെ വൈഭവത്തിലധിഷ്ഠിതമാണ്. അതിനാല്‍ തന്നെ ശില്പികള്ക്കു വേണ്ട യോഗ്യതകളും ശാസ്ത്രത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. വാസ്തു ശാസ്ത്രം കൈകാര്യം ചെയ്യുന്ന ശില്പികള് സ്ഥപതി, സൂത്രഗ്രാഹി, വര്‍ദ്ധകി, തക്ഷകന് എന്നിങ്ങനെ നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു.
സ്ഥപതി
വാസ്തുവിദ്യാ പ്രകാരമുള്ള നിര്‍മ്മാണത്തില്‍ പ്രധാന ശില്പിയാണ് സ്ഥപതി. ‘സ്ഥപതിയുടെ ശാസ്ത്രമാണ് സ്ഥാപത്യം’ എന്ന പരാമര്‍ശം തന്നെ ആ പ്രാധാന്യം വെളിപ്പെടുത്തുന്നുവല്ലോ. കര്‍മ്മാരംഭത്തില്‍ തുടങ്ങി പരിസമാപ്തി വരെയുള്ള സകലനിര്മ്മാണവും സ്ഥപതിയുടെ മനോഗതം അനുസരിച്ചാണുള്ളത്. സൃഷ്ടിയുടെ പൂര്‍ണ ഉത്തരവാദിത്വവും സ്ഥപതിക്കു തന്നെ. ‘സ്ഥപതിഃ സ്ഥാപനാര്‍ഹഃ’ എന്ന മയമതത്തിലെ പ്രമാണ പ്രകാരം സ്ഥാപനാര്ഹനായ സ്ഥപതി സര്‍വ ശാസ്ത്രങ്ങളെ അറിഞ്ഞവനും ശാരീരികമായി യുക്തനും ധാര്‍മികനും മത്സര- അസൂയാദി ദോഷങ്ങള്‍ വെടിഞ്ഞവനും സത്യസന്ധനും ജിതേന്ദ്രിയനും ഗണിതജ്ഞനും സര്‍വദേശങ്ങളെയും കുറിച്ച് ബോധവാനും അതിമോഹം ഇല്ലാത്തവനുമാകണം. രോഗമില്ലാത്തവനും സുബുദ്ധിയുമായ അവന് സ്ത്രീസേവ, മദ്യപാനം, ചൂതുകളി, നായാട്ട്, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അര്‍ത്ഥദൂഷണം തുടങ്ങിയ സപ്തവ്യസനങ്ങളെയും വര്ജിച്ചവനുമാകണം.
സൂത്രഗ്രാഹി
സ്ഥപതിയുടെ കര്‍മ്മങ്ങളെ നേരാംവണ്ണം നോക്കി നടത്തുന്നത് സൂത്രഗ്രാഹിയാണ്. അവന് സ്ഥപതിയുടെ മനോരഥം അറിഞ്ഞവനും യോജിച്ച രീതിയില്‍ പ്രവര്ത്തിക്കുന്നവനുമാകണം. അതുകൊണ്ടുതന്നെ സ്ഥപതിയുടെ ശിഷ്യനോ മകനോ ആവാം സൂത്രഗ്രാഹി. ഇവന് വാസ്തുശാസ്ത്ര വിശാരദനും ദൃഢബുദ്ധിയും ഗുരുഭക്തനും അളവുകളെ കുറിച്ച് നല്ല ധാരണയുള്ളവനും ആകണം.
വര്‍ദ്ധകി
നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഏറ്റവും പ്രാധാന്യം ഉള്ളവരാണ് വര്ദ്ധകിമാര്. വൃദ്ധി അഥവാ വളര്‍ച്ച എന്നര്‍ത്ഥമുള്ള പദത്തില്‍ നിന്നാണ് വര്‍ദ്ധകി എന്ന നാമം ഉരുത്തിരിഞ്ഞത്. നിര്‍മിതിയെ വളര്‍ത്തുക അഥവാ ഉയര്‍ത്തുക എന്നതാണ് വര്‍ദ്ധകിയുടെ ധര്‍മ്മം. ഗൃഹാരംഭം മുതല്‍ ഗൃഹപ്രവേശം വരെ വര്ദ്ധകിക്കുള്ള കൃത്യമായ ഉത്തരവാദിത്വങ്ങളും ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങളും ശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം.
തക്ഷകന്
തച്ചനാണ് തക്ഷകന്. തക്ഷു എന്ന സംസ്കൃത ധാതുവില്‍ നിന്നുണ്ടായതാണ് ഈ വാക്ക്. ആ ധാതുവിന് തനൂകരണം എന്നാണ് അര്‍ത്ഥം. നിയതമല്ലാത്തവയെ അഥവാ കായരൂപമില്ലാത്തവയെ ചെത്തിമിനുക്കി ചേര്‍ത്തുവച്ച് നിയതമായ
നിര്മിതിശരീരം ഉണ്ടാക്കലാണ് തച്ചുപണി. തത്കര്മ്യാത് അതക്ഷാഃ തക്ഷാഃ എന്ന മമ്മടാചാര്യ പ്രയോഗത്താല്‍ തക്ഷപ്രവൃത്തി എടുക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ജാതിവാചകമായി മാറി ഈ നാമം.ശില്പികളുടെ സമന്വയമാണ് ഏതൊരു ശില്പത്തെയും മനോഹരമാക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ മാനസികമായ ഐക്യം വളരെ പ്രാധാന്യമേറിയതാണ്. ‘കര്തൃഭിഃ കര്മ്മദോഷഃ,കര്‍മഭിഃ കര്ത്തൃദോഷതഃ’എന്ന പ്രമാണത്താല്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഗുണദോഷങ്ങള്‍ തന്റെ ജീവിതത്തില്‍ തന്നെ ഗുണദോഷങ്ങളായി വരുമെന്ന വിശ്വാസ ചിന്തയോടെ കൂടി കര്‍മം ചെയ്യുന്നവര്‍ ഇന്നും സമൂഹത്തില്‍ ഐശ്വര്യാഭിവൃദ്ധികളോടെ ജീവിക്കുന്നു. മറ്റുള്ളവര്‍ നിര്‍മിതി ദോഷത്താല്‍ ജീവിതത്തിലും സമൂഹ ജീവിതത്തിലും അവമതിക്കപ്പെടുകയും ചെയ്യുന്നു. ഇത് തന്നെയാണ് വാസ്തുവിദ്യയുടെ ശില്പി മാനവികതാ സങ്കല്പവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: