തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ ഡാറ്റാ അമേരിക്കന്‍ കമ്പനി സ്പ്രിങ്ക്ളറിന് കൈമാറിയ കേസ് ഹൈകോടതിയിലെത്തിച്ചത് ബിജെപി. അഭിഭാഷകനും ബിജെപി കഴക്കൂട്ടം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ബാലു ഗോപാലകൃഷ്ണനാണ് പൊതു താല്‍പ്പര്യ ഹര്‍ജിയുമായി കോടതിയിലെത്തിയത്.
സ്പ്രിങ്കളറിനെതിരെ അമേരിക്കയില്‍ ഡേറ്റ മോഷണത്തിന് കേസുണ്ടെന്നും ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യം. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരാറില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി പരിഗണിച്ച സമയത്താണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
ഡാറ്റാ അനാലിസിസിനാണ് അമേരിക്കന്‍ കമ്പനിയുടെ സേവനം തേടിയതെന്നു സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ രണ്ടു ലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലും സര്‍ക്കാരിന് ആവില്ലേ എന്നും സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാഗമില്ലേ എന്നും കോടതി ചോദിച്ചു. വ്യക്തിയുടെ സ്വകാര്യത ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
വിവരം ചോര്‍ന്നാല്‍ നിങ്ങളുണ്ടാക്കിയ കരാര്‍ പ്രകാരം കേസ് കൊടുക്കാന്‍ എങ്ങനെ ന്യൂയോര്‍ക്കില്‍ പോകാനാകും. നിയമവ്യവഹാരം ന്യൂയോര്‍ക്ക് കോടതിയില്‍ വേണമെന്ന വ്യവസ്ഥ എന്തിനാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. കരാര്‍ എന്തുകൊണ്ട് നിയമവകുപ്പില്‍ കാണിച്ചില്ല എന്നും കോടതി ചോദിച്ചു. കൃത്യമായ കാരണങ്ങള്‍ വേണം വിഷയത്തില്‍ ബോധിപ്പിക്കേണ്ടത്. കാരണം വ്യക്തിയുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അതിപ്രധാനമാണ്. അതു ചോരാന്‍ അനുവദിക്കരുതെന്നും കോടതി ഇന്നു വ്യക്തമാക്കിയിരുന്നു.
മെഡിക്കല്‍ കോളേജ് പൊതുജനം ലൈനില്‍ തുരുത്തേല്‍ കുടുംബാംഗമായ ബാലു നേരത്തെ യുവമോര്‍ച്ച സംസ്ഥാന സമിതി അംഗമായിരുന്നു. പുറ്റിംങ്ങല്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോഴും ബാലു ഗോപാലകൃഷ്ണന് പൊതു താല്‍പ്പര്യ ഹര്‍ജിയുമായി ഹൈകോടതിയിലെത്തിയിരുന്നു. ദുരന്തം ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്നും നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപെട്ടായിരുന്നു ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: