ആലപ്പുഴ: ലോക്ഡൗണിനെത്തുടര്‍ന്ന് ജീവിതം വഴിമുട്ടിയവര്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍നിന്ന് സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ക്ക് സര്‍ക്കാരും ജില്ലാ ഭരണകൂടവും വിലക്കേര്‍പ്പെടുത്തി. എന്നാല്‍ സിപിഎമ്മിന്റെയും സിപിഎം നേതാക്കള്‍ നിയന്ത്രിക്കുന്ന സന്നദ്ധ സംഘടനകളും ഭക്ഷണ വിതരണം നിര്‍ബാധം തുടരുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലടക്കം ഭക്ഷണം വിതരണം ചെയ്യുന്നതില്‍നിന്ന് സേവാഭാരതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റു ചില സ്ഥലങ്ങളില്‍ ഭക്ഷണം നല്കിയ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിലക്കി.
ഭക്ഷണം പാചകം ചെയ്യുമ്പോള്‍ കൃത്യമായ സുരക്ഷയും വൃത്തിയും മറ്റും ഉറപ്പാക്കാന്‍ കഴിയാത്തതിനാലാണ് സന്നദ്ധ സംഘടനകളെ വിലക്കിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ സിപിഎമ്മും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനകളും ഭക്ഷണ വിതരണം തുടരുകയാണ്. ഇരട്ടനീതിയാണ് ഭക്ഷണ വിതരണത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നാണ് വിമര്‍ശനം.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സമൂഹ അടുക്കളകള്‍ നിര്‍ജീവമാക്കുകയും സന്നദ്ധ സംഘടനകളെ വിലക്കുകയും ചെയ്തത് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണം നടത്തുന്നതിനാണെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അനുഭവങ്ങള്‍.
മന്ത്രി ജി. സുധാകരന്റെ നിയോജകമണ്ഡലത്തിലടക്കം സിപിഎം ലേക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടക്കുന്നത്. വലിയ പ്രചാരണത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. സേവാഭാരതിയുടെയും ബിജെപിയുടെയും ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പോലും തടഞ്ഞ ജില്ലാ ഭരണകൂടം പക്ഷെ സിപിഎമ്മുകാര്‍ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തത് കണ്ടില്ലെന്ന് നടിക്കുകയാണ്.
മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തില്‍ മന്ത്രിയുടെ അടുപ്പക്കാരായ നേതാക്കള്‍ നയിക്കുന്ന സന്നദ്ധ സംഘടനകളാണ് ഭക്ഷണ വിതരണം നടത്തുന്നത്. പഞ്ചായത്തുകളുടെ സമൂഹ അടുക്കളകള്‍ക്ക് സമാന്തരമായാണ് ഇവിടെ ഭക്ഷണ വിതരണം. സാമൂഹിക അകലം പോലും പാലിക്കാതെ സിപിഎമ്മുകാര്‍ ഭക്ഷണം വിതരണം ചെയ്തിട്ടും നടപടിയില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമൂഹ അടുക്കളകള്‍ പിടിച്ചടക്കിയ സിപിഎം, ഇപ്പോള്‍ സര്‍ക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും പിന്തുണയോടെ ഭക്ഷണ വിതരണം ആരംഭിച്ചിരിക്കുകയാണ്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരത്തെ സേവാഭാരതി സൗജന്യമായാണ് ജീവനക്കാര്‍ക്കും മറ്റും മൂന്നു നേരം ഭക്ഷണം നല്‍കിയിരുന്നത്. ഇതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്ത് സിപിഎം നിയന്ത്രിത ട്രസ്റ്റാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: