തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവിന്റെ ആദ്യ ദിനത്തിൽ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങിയത് കണക്കിലെടുത്ത് ഇന്ന് പോലീസ് പരിശോധന കര്‍ശനമാക്കി. ഹോട്ട് സ്‌പോട്ട് അതിര്‍ത്തികളില്‍ ചെക്കിംഗിനായി പൊലീസ് വന്‍ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാട്ടുപാതകളിലും ഇടവഴിയിലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കാണ് ഇന്ന് നിരത്തിലിറങ്ങാന്‍ അനുമതി. ഹോട്ട്സ്‌പോട്ട് ഒഴികെ ഉള്ള സ്ഥലങ്ങളിലാണ് അനുമതിയുള്ളത്. കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി കൂടുന്ന കണ്ണൂരില്‍ ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ക്വാറന്റെെന്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പോലീസ് അറിയിച്ചു. ഐ.ജി അശോക് യാദവിന്റെ മേല്‍ നോട്ടത്തില്‍ മൂന്ന് എസ്.പിമാര്‍ക്കാണ് നിരീക്ഷണ ചുമതല. അത്യാവശ്യ മരുന്നുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.
കണ്ണൂരിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ഐജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. കണ്ണൂർ ജില്ലയിലെ സബ് ഡിവിഷനുകളുടെ ചുമതല മൂന്ന് എസ്പിമാർക്ക് നൽകി. കണ്ണൂർ സബ് ഡിവിഷന്റെ ചുമതല ജില്ലാ പോലീസ്മേധാവി യതീഷ് ചന്ദ്രയ്‌ക്കും തളിപ്പറമ്പിൽ നവനീത് ശർമയ്‌ക്കും ചുമതല നൽകി. അരവിന്ദ് സുകുമാറിനാണ് തലശേരി, ഇരിട്ടി സബ് ഡിവിഷനുകളുടെ ചുമതല. വില്ലേജ് അടിസ്ഥാനത്തിൽ അതിർത്തികൾ പൂർണ്ണമായും അടയ്‌ക്കാനും യോഗത്തിൽ തീരുമാനിച്ചു.
ആലപ്പുഴ ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍ തിരുത്തി ഉത്തരവിറക്കിയിട്ടുണ്ട്. തണ്ണീര്‍മുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകള്‍ ഹോട്ട്സ്‌പോട്ട് ആക്കി പുതിയ ഉത്തരവിറങ്ങി. ഇവിടങ്ങളില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും. ചെങ്ങന്നൂര്‍ നഗരസഭയെയും മുഹമ്മ പഞ്ചായത്തിനെയും ഹോട്ട്സ്‌പോട്ടുകള്‍ നിന്ന് ഒഴിവാക്കി.
ഗ്രീന്‍സോണ്‍ ജില്ലകളായ കോട്ടയത്തും ഇടുക്കിയിലും ഓട്ടോ ടാക്സി സര്‍വീസുകള്‍ക്ക് അനുമതിയില്ല. ജ്വല്ലറികളും തുണിക്കടകളും തുറക്കാന്‍ പാടില്ല. തിരുവനന്തപുരത്തും പാലക്കാടും നഗരാതിര്‍ത്തികള്‍ അടച്ചിടും. ആറ് അതിര്‍ത്തി പ്രദേശങ്ങളിലൂടെ മാത്രമേ തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ. തിരുവനന്തപുരം നഗരാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്.അതേസമയം പാലക്കാട് നഗരസഭയെ ഇന്ന് രാവിലെയോടെ ഹോട്ട് സ്പോട്ട് പരിധിയില്‍ നിന്ന് ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: