ഈ വിഷമകാലത്തെ പല രീതിയിലും വിനിയോഗിക്കാമെന്നതാണ് മറ്റൊരു കാര്യം. ഒന്നു ചിന്തിച്ചാല്‍ ജീവിതത്തില്‍ വന്നുപോകുന്ന വിഷമതകളും ദുഃഖങ്ങളും, മറ്റും നമ്മെ കൂടുതല്‍ ശക്തരാക്കാന്‍ പര്യാപ്തമാണ്. അതിനാല്‍ വിഷമഘട്ടങ്ങള്‍ പ്രകൃതി ഒരുക്കിത്തരുന്ന അനുഗ്രഹമായി കരുതേണ്ടതല്ലേ? ജീവിതത്തില്‍ ഭൂതകാലത്തു സംഭവിച്ച കാര്യങ്ങളോരോന്നും എടുത്തുനോക്കിയാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്.
ചുരുക്കത്തില്‍ വലിയ പാഠങ്ങളെ പ്രകൃതി നമ്മോടു പങ്കുവെക്കാന്‍ ഈ അവസരത്തില്‍ ശ്രമിക്കുകയാണ്. സ്വന്തം മനസ്സിനെയും പ്രകൃതിയേയും ആഴത്തില്‍ തിരുത്തുവാനുള്ള പല കാര്യങ്ങളെയുമാണ് പീഢയുടേതെന്നു തോന്നിക്കുന്ന ഈ കാലഘട്ടം പങ്കുവെക്കുന്നത്.
നാം നേടിയ ശാസ്ത്ര കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യയും എങ്ങനെയൊക്കെയാണ് നമുക്കു പ്രയോജനപ്പെട്ടത്? അത്തരം നേട്ടങ്ങളെ വേണ്ടവിധമാണോ നാം ഉപയോഗപ്പെടുത്തിയത്? ജീവിതപ്രശ്നങ്ങളെ അവ കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്തത്? തലതിരിഞ്ഞുള്ള വികസനവും പണം നേടാനുള്ള പരക്കം പാച്ചിലും എന്താണു നേടിതന്നത്? വീട്ടിലുള്ള ബന്ധുക്കളോടുപോലും സംസാരിക്കാതെ, അവരോടൊപ്പം ഭക്ഷണംപോലും കഴിക്കാതെ സമൂഹമാധ്യമങ്ങളില്‍കൂടി നാം അദൃശ്യരായ സുഹൃത്തുക്കളെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. ഉറക്കം പോലുമില്ലാതെ മൊബൈലിലും മറ്റുമായി സദാ തിരക്കിലായിരുന്നു. പ്രകൃതിയുടേയോ ശരീരത്തിന്റെയോ താളത്തിനു കാതോര്‍ക്കാന്‍ ഈ ഓട്ടത്തിനിടയില്‍ നാം മറന്നേ പോയി. കൊറോണയെന്ന അദൃശ്യജീവിക്കുമുമ്പില് മനുഷ്യര്‍ ഇത്ര നിസ്സാരരായി പോകുന്നുമെന്ന് നാം ഇപ്പോള്‍ മാത്രമാണു മനസ്സിലാക്കിയത്. ഇത്തരം തിരിച്ചറിവുകള്‍ നേടിക്കൊണ്ടാണ് ഭാവിയില്‍ നമുക്കു വികസിക്കേണ്ടത്.
അടുത്ത കാര്യം, ലോകം മുഴുവന്‍ ഒറ്റക്കെട്ടായിട്ടാണ് ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നത്. ഭാരതീയാചാര്യന്മാര് ചൂണ്ടിക്കാട്ടിയ ‘വിശ്വസാഹോദര്യ’ത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിഹാരങ്ങള്ക്കായിട്ടാണ് നാം ശ്രമിക്കേണ്ടത്. നമുക്കു സന്തോഷവും സുഖവും ഉണ്ടാകാനുള്ള ഉപായം മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും സുഖപ്പെടുത്തുകയുമാണ്. കാരണം നാമെല്ലാം സൂഷ്മതലത്തില്‍ ഒന്നായിരിക്കുന്നു. ലോകം മുഴുലന്‍ ഒരു കുടുംബമാണ് എന്നത്രെ(വസുധൈവ കുടുംബകം) ഭാരതീയ ഋഷിമാരുടെ ദര്‍ശനം. അതുകൊണ്ടുതന്നെയാണ് ‘ലോകത്തിനു മുഴുവന്‍ നന്മയുണ്ടാകട്ടെ’ എന്നും പ്രാര്‍ത്ഥിക്കാന്‍ ഈ ആചാര്യന്മാര്(ലോകാസമസ്താ സുഖിനോ ഭവന്തു) ലോകത്തെ പഠിപ്പിച്ചത്. സര്‍വത്തിനും ശാന്തിയുണ്ടാകാനുള്ള ആഗ്രഹവും സര്‍വര്‍ക്കും രോഗമുക്തി നേടാനുള്ള പ്രാര്‍ത്ഥനയുമാണ് ഈ അവസരത്തില്‍ നമ്മില്‍ നിന്നുമുണ്ടാകേണ്ടത്. ലോകം മുഴുവന്‍ സുഖപ്പെടുമ്പോള്‍ നിശ്ചയമായും നമ്മളും അതിന്റെ ഭാഗമായിരിക്കുമല്ലോ. ഇപ്രകാരം ശുഭചിന്തയോടെ നമുക്കീ കൊറോണക്കാലത്തെ അതിജീവിക്കാന്‍ ശ്രമിക്കാം. പോരാ, നിശ്ചയമായും നാം അതിജീവിക്കും.
(അവസാനിച്ചു)
സ്വാമി നന്ദാത്മജാനന്ദ
(പത്രാധിപര്‍, പ്രബുദ്ധകേരളം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: