ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാനായി രാജ്യത്ത് നടപ്പിലാക്കിയ ലോക്ഡൗണിന്റെ മാര്‍ഗരേഖ കേരളം ലംഘിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം. ആശങ്ക അറിയിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രാജ്യത്തെ നിയമങ്ങള്‍ എല്ലാവര്ക്കും ബാധകമാണ്. അതില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ല. കേരളം മാര്‍ഗരേഖ ലംഘിച്ചതില്‍ റിപ്പോര്‍ട്ട് തേടും. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായി നീരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ താക്കീത് നല്‍കിയതോടെ സംസ്ഥാന സര്‍ക്കാര്‍ അനുമതിയില്ലാതെ ഏര്‍പ്പെടുത്തിയ ഇളവുകള്‍ പിന്‍വലിച്ചു തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ പിന്‍വലിക്കാന്‍ കേരളം തീരുമാനിച്ചത്. കൂടാതെ അടിയന്തിരമായി വിശദീകരണം നല്‍കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയകുമാര്‍ ഭല്ല ചീഫ് സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്. ഇതില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ടുള്ള കേന്ദ്രത്തിന്റെ ഇളവുകള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് വിശദമായി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നതിനും, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനുള്ള അനുമതിയും സംസ്ഥാനം പിന്‍വലിക്കും.
പൊതുജനങ്ങളുടെ സാന്നിധ്യമുണ്ടാകുന്ന സ്ഥലങ്ങള്‍ക്ക് ഇളവ് നല്‍കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇത് വകവെ്ക്കാതെ റസ്റ്റോറന്റുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ സംസ്ഥാനം അനുമതി നല്‍കുകയായിരുന്നു. ഇത് തിരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ലോക്ഡൗണ്‍ ഇളവുകളുടെ പേരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാനം വിടാനുള്ള അനുമതിയുണ്ടാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഹോട്ട്സ്പോട്ടുകളായും ക്ലസ്റ്ററുകളായും കണ്ടൈന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചിരിക്കുന്നിടത്ത് യാതൊരു വിധ ഇളവുകളും നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവിധ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് അനുമതിയില്ല. എന്നാല്‍ ഇവര്‍ക്ക് ഹോട്ട്സ്പോട്ടുകളല്ലാത്ത ജില്ലകളില്‍ ജോലിക്കായി യാത്ര ചെയ്യാം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ അടുത്ത സ്ഥലത്ത് തന്നെ ജോലി തേടണം. ഇതിനായി പ്രാദേശിക ഭരണകൂടങ്ങള്‍ സംവിധാനമൊരുക്കണം. ഓരോരുത്തരുടേയും തൊഴില്‍ മേഖലകള്‍ മനസ്സിലാക്കി ജോലിലഭ്യത ഉറപ്പാക്കണം. പ്രവര്‍ത്തിക്കുന്ന വ്യാവസായിക യൂണിറ്റുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: