പാലക്കാട്: കഴിഞ്ഞ എട്ടു വര്‍ഷമായി പൂട്ടിക്കിടക്കുന്ന ഒരു മരുന്നു നിര്‍മാണശാലയെക്കുറിച്ച് സംസ്ഥാനത്തെ സര്‍ക്കാരുകള്‍ ഗൗരവമായി ചിന്തിച്ചിരുന്നെങ്കില്‍ ഈ കൊറോണക്കാലത്ത് കേരളം ആഗോളതലത്തില്‍ ശ്രദ്ധേയ സ്ഥാനം നേടുമായിരുന്നു. കൊറോണ പ്രതിരോധത്തില്‍ മൃതസഞ്ജീവനി എന്ന് ലോകം വിശേഷിപ്പിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് എന്ന മരുന്ന് ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിച്ച് പാലക്കാട് എരുത്തമ്പതി പഞ്ചായത്തിലെ 36 ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച അഗസ്ത്യ ബയോഫാര്‍മ എന്ന കമ്പനിയാണ് 2011 മുതല്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്.
ലോകം മുഴുവന്‍ ഉപയോഗിച്ചുവരുന്ന അദ്ഭുതമരുന്ന് നിര്‍മിക്കാനുള്ള അവസരം സംസ്ഥാനം കളഞ്ഞുകുളിക്കുകയായിരുന്നെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന പ്രൊഫ. ഡി. അരവിന്ദാക്ഷന് പറയുന്നു. ആലപ്പുഴയിലെ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മുന്‍ എംഡി കൂടിയാണ് അരവിന്ദാക്ഷന്.
ഹൈഡ്രോക്സി ക്ലോറോക്വിന് ഗുളികകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനാണ് അഗസ്ത്യ ബയോഫാര്‍മ സ്ഥാപിച്ചത്. എന്നാല്‍ അഗസ്ത്യ ബയോഫാം ഇന്ത്യ ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 2011 മുതല്‍ പ്രവര്‍ത്തനം നിലച്ചു. പ്രൊഫ. ഡി. അരവിന്ദാക്ഷനെ പുറത്താക്കിയതായി മറ്റ് അഞ്ചു ഡയറക്ടര്‍മാര്‍ വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച കേസാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ തകിടം മറിച്ചത്. അരവിന്ദാക്ഷനെ വാഹനമിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മറ്റൊരു കേസും നിലനില്ക്കുന്നു. ഈ കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരുകയും കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മുന്‍കൈയെടുക്കുകയും വേണമെന്ന് അരവിന്ദാക്ഷന് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
കൊറോണ വ്യാപനകാലത്ത് ഹൈഡ്രോക്സി ക്ലോറോക്വിന് വന്‍തോതില്‍ ഉത്പാദിപ്പിച്ച് കോടികള്‍ വരുമാനം നേടാനുള്ള മാര്‍ഗം കൂടിയാണ് ഇല്ലാതായത്. മരുന്നു നിര്‍മാണത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളടക്കമുള്ള കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം 150 കോടി രൂപയിലധികമാണ്. എന്നാല്‍ ഈ കമ്പനി എട്ടുവര്‍ഷമായി കാടുപിടിച്ച് കിടക്കുകയാണ്.
438 ഓഹരി ഉടമകളുണ്ട്. 201 കോടി രൂപ മുതല്‍മുടക്കുള്ള കമ്പനിയുടെപദ്ധതിക്ക് 27.25 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങള്‍ 2006 ല്‍ ഏതാണ്ട് പൂര്‍ത്തിയായതാണ്. ഹൈഡ്രോക്സി ക്ലോറോക്വിന് അടക്കം 300 ലധികം മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ അനുമതികളും 2011ല്‍ തന്നെ നേടി കമ്പനി കെട്ടിടനിര്‍മാണം ആരംഭിച്ചിരുന്നു. എന്നാല്‍ കേസുകളില്‍പ്പെട്ട് പിന്നീട് കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ഇതുവരെ ഏതാണ്ട് 2500 കോടി രൂപയുടെ നഷ്ടം കണക്കാക്കാം എന്നാണ് അഭിഭാഷക കമ്മീഷന് കോടതിയെ അറിയിച്ചിരിക്കുന്നത്. ന്യൂദല്‍ഹിയിലെ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനു മുന്നിലും കേസുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്നത്തെ ഗൗരവമായി എടുത്ത് കമ്പനി തുറക്കാന്‍ സാഹചര്യമൊരുക്കിയിരുന്നു എങ്കില്‍ ആദ്യ വര്‍ഷം തന്നെ ആയിരം കോടി രൂപയുടെ മരുന്നു നിര്‍മാണ സാധ്യമാകുമെന്നും അരവിന്ദാക്ഷന് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: