കാസര്‍ഗോഡ്: രാജ്യത്തിനെങ്ങും കാസര്‍കോട്ടെ മാതൃക അനുകരണീയമാണെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തേ കാസര്‍ഗോഡ് കൊവിഡ് ഹോട്ട് സ്പോട്ടായിരുന്നിട്ടും, കൃത്യമായ നിയന്ത്രണങ്ങളിലൂടെ ഇവിടെ രോഗവ്യാപനം തടഞ്ഞ് നിര്‍ത്താനായി. കോവിഡിനെ പിടിച്ചുകെട്ടിയ കാസര്‍കോട് മാതൃകയ്ക്ക് അഭിനന്ദനവുമായി കേന്ദ്രസര്‍ക്കാര്‍.
ആകെയുള്ള ജനസംഖ്യയില്‍ 15.3 ശതമാനം പ്രവാസികളായിരിക്കെ, അവിടെ നിന്ന് തിരികെയെത്തിയവരെ എല്ലാം കൃത്യമായി ക്വാറന്റൈന് ചെയ്തതടക്കം കാസര്‍കോടിന്റെ നേട്ടങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയമെടുത്തു പറഞ്ഞു.
54 ശതമാനം ആണ് കാസര്‍ഗോഡ് രോഗമുക്തിയുടെ ശതമാനക്കണക്ക്. ഇതുവരെ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനവുമായി ദൂരെ കിടക്കുകയും, ഇത്ര വലിയ പ്രവാസിസമൂഹമുണ്ടായിട്ടും, കൃത്യമായ നടപടികളിലൂടെയാണ് കാസര്‍ഗോഡിന് കൊവിഡിനെ തടഞ്ഞു നിര്‍ത്താനായത്. സംസ്ഥാനസര്‍ക്കാര്‍ ഉടനടി കാസര്‍കോടിനായി പ്രത്യേക ഓഫീസറെ നിയമിച്ചു.
കോണ്ടാക്ട് ട്രേസിംഗിന് ജിയോ സ്പെഷ്യല്‍ ട്രാക്കിംഗ് നടത്തി, വൈറസ് വ്യാപനം തടയാന്‍ ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയ്ന് സജീവമാക്കി, സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്കാന് തുടങ്ങി, എല്ലാറ്റിനുമുപരി, നാല് ദിവസം കൊണ്ട് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും നഴ്സുമാരുമായി കാസര്‍ഗോഡ് ഒരു പ്രത്യേക ആശുപത്രി സജ്ജീകരിച്ചു.
17,373 പേരെ ഹോം ക്വാറന്റൈനിലാക്കി പരിശോധിച്ചു, നൂറ് ശതമാനം വീടുകളിലും പോയി രോഗവിവരം തിരക്കി, ഷെല്‍ട്ടര്‍ ഹോമുകളും സമൂഹ അടുക്കളകളും സജ്ജീകരിച്ചു. അങ്ങനെ എല്ലാ തരത്തിലും പരിശോധന കര്‍ശനവും മനുഷ്യത്വപരവുമാക്കിയതിന്റെ ഫലമാണ് ഈ മാതൃകയുടെ വിജയമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: