ഇടുക്കി: ആഭ്യന്തര വൈദ്യുതി ഉത്പാദനം ഉയര്‍ത്തി സംഭരണികളിലെ ജലനിരപ്പ് താഴ്ത്താനൊരുങ്ങി കെഎസ്ഇബി. മണ്‍സൂണിന് സംഭരണികള്‍ സജ്ജമാക്കാന്‍ സതേണ്‍ റീജ്യണല്‍ പവര്‍ കമ്മിറ്റി (എസ്ആര്‍പിസി) യുടെ അനുമതിയോടെയാണ് കെഎസ്ഇബി ആഭ്യന്തര ഉത്പാദനം ഉയര്‍ത്തിയത്. കഴിഞ്ഞ 13ന് ഇത് സംബന്ധിച്ച വാര്‍ത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
ആഭ്യന്തര ഉത്പാദനം ഉയര്‍ത്താനും താഴ്ത്താനും കഴിയാതെ കെഎസ്ഇബി അസാധാരണ സാഹചര്യം നേരിടുന്നതായും, സംഭരണികളില്‍ പാതിയോളം വെള്ളം അവശേഷിക്കുന്നത് മണ്‍സൂണ്‍ എത്തുമ്പോള്‍ പെട്ടെന്ന് തന്നെ നിറഞ്ഞ് ഡാമുകള്‍ തുറക്കേണ്ടി വരുമെന്നായിരുന്നു വാര്‍ത്ത. ഇതിന് പിന്നാലെയാണ് നടപടി വരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച വരെ ശരാശരി 15 ദശലക്ഷം യൂണിറ്റായിരുന്ന ആഭ്യന്തര ഉത്പാദനം ഇന്നലെ 24.478 ദശലക്ഷം യൂണിറ്റായി ഉയര്‍ത്തി. കരാര്‍ പ്രകാരമുള്ള പുറം വൈദ്യുതി എടുത്തില്ലെങ്കില്‍ കോടികള്‍ പിഴ നല്‍കേണ്ടി വരുമെന്നും അതേ സമയം സംഭരണികളിലെ ജലനിരപ്പ് താഴ്ത്തിയില്ലെങ്കില്‍ മണ്‍സൂണില്‍ സംഭരണ ശേഷി പെട്ടെന്ന് കവിഞ്ഞ് വെള്ളം തുറന്നുവിടേണ്ടി വരും.
ഒന്നുകില്‍ പിഴ, അല്ലെങ്കില്‍ ജലനഷ്ടം, ഇങ്ങനെയുള്ള സാഹചര്യമാണ് കെഎസ്ഇബി നേരിട്ടിരുന്നത്. കഴിഞ്ഞ ദിവസം ബംഗളുരുവില്‍ ചേര്‍ന്ന എസ്ആര്‍പിസി മീറ്റിങ്ങില്‍ കേരളം പ്രത്യേക സാഹചര്യം വിശദീകരിച്ചു. പ്രധാന പദ്ധതിയായ ഇടുക്കിയിലെ പകുതി ജനറേറ്ററുകള്‍ അടക്കം പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും മൂലം ഷട്ട് ഡൗണിലാണെന്നതും പരിഗണിച്ചു. മിനിമം പവര്‍ വാങ്ങാത്ത പക്ഷം കേന്ദ്ര നിയമപ്രകാരമുള്ള വന്‍ പിഴ ഒഴിവാക്കാമെന്നും ധാരണയായിട്ടുണ്ട്.
കെഎസ്ഇബി സിഎംഡി എന്‍.എസ്. പിള്ള എസ്ആര്‍പിസി ചെയര്‍മാനായത് ഈ സാഹചര്യത്തില്‍ കേരളത്തിന് നേട്ടമായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടന്നത്. അടുത്ത ദിവസം ചേരുന്ന ഓപ്പറേഷന് കോ-ഓഡിനേഷന്‍ സബ് കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്യും. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ച് 70.748 ദശലക്ഷം യൂണിറ്റ് വൈദ്യുതിയില്‍ 46.269 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് എത്തിച്ചത്.
അവശേഷിക്കുന്നത് 45% വെള്ളം
1862.562 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പാക്കാനുള്ള വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. മൊത്തം സംഭരണശേഷിയുടെ 45 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 393.289 ദശലക്ഷം യൂനിറ്റ് കൂടുതലാണിത്. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 51 ശതമാനം വെള്ളം നിലവിലുണ്ട്. മറ്റ് അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെയാണ്. ഇടമലയാര്‍- 34, പമ്പ, കക്കി- 39, ഷോളയാര്‍- 40, മാട്ടുപ്പെട്ടി- 42, പൊന്മുടി- 37, നേര്യമംഗലം- 50, ലോവര്‍ പെരിയാര്‍- 58, കുറ്റ്യാടി- 54, കുണ്ടള- 97, ആനയിറങ്കല്‍- 57.
അറ്റകുറ്റപണിക്ക് നീക്കം
ഇടുക്കിയില്‍ 5 ദശലക്ഷം യൂണിറ്റ് വരെയായിരുന്ന വൈദ്യുതി ഉത്പാദനം ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 8.412 ദശലക്ഷത്തിലേക്ക് ഉയര്‍ത്തി. ലോക്ക് ഡൗണില്‍ ഇളവുകള്‍ വരാനിരിക്കെ മൂലമറ്റം നിലയത്തിലെ അറ്റകുറ്റപണി ഉടന്‍ ആരംഭിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സംസ്ഥാനത്തിന് വെളിയില്‍ നിന്ന് നിര്‍മ്മാണ സാമഗ്രഹികള്‍ എത്തിക്കാനായില് അടുത്ത മാസം പാതിയോടെ തകരാറിലുള്ള രണ്ട് ജനറേറ്ററിന്റെയും ഉത്പാദനം പുനരാരംഭിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: