ന്യൂയോര്‍ക്ക്: ബഹിരാകാശത്തേക്ക് യാത്ര തിരിക്കുമ്പോള്‍ ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും ആലിംഗനങ്ങളുമൊക്കെയുണ്ടായിരുന്നു ഭൂമിയില്‍. എന്നാല്‍, 200 ദിവസം കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ജെസിക്ക മെയര്‍ ആന്‍ഡ്രൂ മോര്ഗന്, ഒലെഗ് സ്ക്രിപോച്ക എന്നീ ബഹിരാകാശ യാത്രികരെ കാത്തിരുന്നത് മറ്റൊരു ഭൂമിയാണ്.
ആളും അനക്കവുമൊഴിഞ്ഞ, ആരും പുറത്തിറങ്ങാത്ത, ആഘോഷങ്ങളില്ലാത്ത ഭൂമി. നാസയുടെ ബഹിരാകാശ യാത്രികരായ മൂവരും കഴിഞ്ഞ വെള്ളിയാഴ്ചയാണ് സോയസ് എം15ല്‍ കസാഖിസ്ഥാനില്‍ ലാന്‍ഡ് ചെയ്തത്. കൊറോണ എന്ന മഹാമാരി ഭൂമിയില്‍ രൂപമെടുക്കും മുന്‍പ് ഇവര്‍ ബഹിരാകാശത്തേക്ക് തിരിച്ചിരുന്നു.
ജെസിക്കയും സ്ക്രിപോച്കയും 205 ദിവസങ്ങള്‍ ബഹിരാകാശത്ത് ചെലവഴിച്ചു. ആന്‍ഡ്രൂ മോര്ഗന് നീണ്ട 275 ദിവസവും. ബഹിരാകാശത്തായിരുന്നെങ്കിലും ഭൂമിയിലെ ദുരിതങ്ങളെല്ലാം വാര്‍ത്തകളിലൂടെ ഇവര്‍ അറിയുന്നുണ്ടായിരുന്നു.
മോര്‍ഗനെ 2013ലാണ് നാസ തെരഞ്ഞെടുത്തത്. അമേരിക്കന്‍ സൈന്യത്തില്‍ എമര്‍ജന്‍സി ഫിസിഷ്യനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ആരോഗ്യ മേഖലയുടെ ഭാഗമാണെന്നതില്‍ ഒരു ഡോക്ടറായ തനിക്ക് ഏറെ സന്തോഷമുണ്ട്. എന്നാല്‍, ഏറ്റവും ആവശ്യമായ ഈ ഘട്ടത്തില്‍ സേവനം നടത്താന്‍ കഴിയുന്നില്ലെന്ന ദുഃഖമാണ് താന്‍ അനുഭവിക്കുന്നതെന്ന് മടങ്ങിയെത്തിയ ശേഷം മോര്ഗന് പറഞ്ഞു.
നാസയുടെ പ്രോട്ടോകോള്‍ അനുസരിച്ച് ഭൂമിയില്‍ തിരിച്ചെത്തുന്ന ബഹിരാകാശ യാത്രികര്‍ വിവിധ പരിശോധനകള്‍ക്ക് വിധേയരാകുകയും ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി ഇണങ്ങിച്ചേരുകയും വേണം.
എന്നാല്‍, കൊറോണ വൈറസ് വ്യാപനം ശക്തി പ്രാപിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ ഇവരെ കൂടുതല്‍ നാള് നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും വൈറസില്‍ നിന്ന് അകറ്റി നിര്‍ത്താനുമാണ് നാസയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: