മലപ്പുറം: കോവിഡ് ചികിത്സയിലിരിക്കുന്നതിനിടെ മലപ്പുറത്ത് മരിച്ചയാള്‍ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരണം. കീഴാറ്റൂര്‍ സ്വദേശി വീരാന്‍ കുട്ടിക്കാണ്(85) വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ച രാവിലെ മരണപ്പെട്ട ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ സാംപിള്‍ പരിശോധന ഫലം നെഗറ്റീവാണ്.
രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് വീരാന്‍ കുട്ടിയുടെ ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. ഇതോടെ ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കും. ഇതൊരു കൊവിഡ് മരണമായി കണക്കാക്കാനാവില്ല. അതിനാല്‍ തന്നെ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കില്ല വീരാന്‍ കുട്ടിയുടെ സംസ്കാരമെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി.
എന്നാല്‍ റെഡ് സോണില്‍ ഉള്‍പ്പെട്ട സ്ഥലമായതിനാല്‍ ഇരുപതില്‍ പേരില്‍ കൂടുതല്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താന്‍ തടസമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഏപ്രില്‍ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച വീരാന്‍ കുട്ടിക്ക് കഴിഞ്ഞ ആഴ്ച നടത്തിയ സാംപിള്‍ പരിശോധനയില്‍ നെഗറ്റീവ് ഫലമാണ് കാണിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ രോഗമുക്തി നേടിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ചികിത്സ തുടരുകയായിരുന്നു.
40 വര്‍ഷത്തോളമായി ഹൃദ്രോഗവും സമീപകാലത്തായി വൃക്ക സംബന്ധമായ അസുഖങ്ങളുമുള്ള വീരാന്‍ കുട്ടി കൊവിഡില്‍ നിന്നും മുക്തി നേടിയെങ്കിലും ഒരാഴ്ചയായി ആരോഗ്യനില മോശമായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ കൂടുതല്‍ വഷളായി. ഇതോടെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് വീണ്ടും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു ഇതിനിടെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് ഡോക്ടറും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: