കോഴിക്കോട്: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം കൊയിലാണ്ടി താലൂക്കിലെ റേഷന്‍ കടകളിലേക്ക് അനുവദിച്ച പച്ചരിയില്‍ തിരിമറി. എഫ്സിഐ ഗോഡൗണില്‍ നിന്ന് സീല്‍വെച്ച് അയച്ച മൂവായിരത്തോളം ചാക്ക് പച്ചരിയാണ് കരിവണ്ണൂര്‍ എന്‍എഫ്എസ്എയില്‍ നിന്ന് തിരിമറി നടത്തിയത്.
എഫ്സിഐ സീല്‍ വെച്ച ചണച്ചാക്കിന് പകരം ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും ത്രീ സ്റ്റാര്‍ എന്ന ബ്രാന്റിലുള്ള ചാക്കിലാണ് അരി ഇടകലര്‍ത്തി എത്തിച്ചത്. കൊയിലാണ്ടി താലൂക്കിലെ 200 ഓളം കടകളിലാണ് ഇങ്ങനെ എത്തിച്ചത്.
ചാക്കുകള്‍ എഫ്സിഐയുടേത് അല്ലാത്തതിനാല്‍ റേഷന്‍ വ്യാപാരികള്‍ വിതരണം ചെയ്യാന്‍ മടിക്കുകയാണ്. റേഷന്‍ കടകളില്‍ നിന്ന് മാത്രമേ ചാക്കിന്റെ സീല്‍ പൊട്ടിക്കാവൂ എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ വിതരണം നടന്നത്. മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഒരാള്‍ക്ക് നാല് കിലോ പുഴുക്കലരിയും ഒരു കിലോ പച്ചരിയുമാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യാനുള്ള അരിയാണിത്. ഓരോ റേഷന്‍ കടകളിലും നാല് മുതല്‍ പത്ത് വരെ ചാക്കുകളാണ് സീല്‍ ഇല്ലാതെ എത്തിയിട്ടുള്ളത്.
അരി കൊണ്ടുവന്ന ചാക്ക് കേടുവന്നതിനാല്‍ പുതിയ ചാക്കിലേക്ക് മാറ്റുകയാണ് ചെയ്തതെന്നാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ പറയുന്നത്. എന്നാല്‍ എഫ്സിഐ ഗോഡൗണില്‍ നിന്ന് സീല്‍വെച്ച് അയക്കുന്ന ഭക്ഷ്യവസ്തുക്കള്‍ എന്‍എഫ്എസ്എ ഗോഡൗണിന് മാറ്റി നിറക്കാനുള്ള അധികാരമില്ല. ഏതെങ്കിലും രീതിയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയാണെങ്കില്‍ ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഗുണനിലവാര പരിശോധന നടത്തി മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: