ന്യൂദല്‍ഹി : ആഗോള തലത്തില്‍ പടര്‍ന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡിന് പ്രതിരോധ മരുന്നായി ഇന്ന് ഹൈഡ്രോക്സിക്ലോറോക്വിന്നാണ് നല്കി വരുന്നത്. ഈ മരുന്നിന്റെ ഉത്പ്പാദനത്തിന്റെ 70 ശതമാനവും ഇന്ത്യയിലാണ്. അതുകൊണ്ട് ലോകരാഷ്ട്രങ്ങള്‍ ഇന്ന് പ്രതിരോധ മരുന്നുകള്‍ക്കായി ഇന്ത്യയെയാണ് സമീപിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് ഇതില്‍ അവസാനമായി ഇന്ത്യയുടെ സഹായം കൈപ്പറ്റിയത്.
കോവിഡിനിടെ ഭക്ഷ്യധാന്യത്തിന് ക്ഷാമം പരിഹരിക്കുന്നതിനായി അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യ ഗോതമ്പ് കയറ്റി അയച്ചിരുന്നു. ഇതിന് പിന്നാലെ അവശ്യ മരുന്നുകളും സൗഹൃദ രാജ്യത്തിന് ഇന്ത്യ നല്കി. കൊറോണ പ്രതിരോധത്തിനായി 100,000 പാരസെറ്റമോള്‍ ഗുളികകളും 500,000 ഹൈഡ്രോക്സിക്ലോറൊക്വിനുമാണ് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. അരിയാന എയര്‍ലൈന്‍സിലാണ് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്നും മരുന്നുകള്‍ കയറ്റി അയച്ചത്.
നേരത്തേയും ഇന്ത്യ അഫ്ഗാന് ഗോതമ്പും അവശ്യ മരുന്നുകളും നല്‍കിയിരുന്നു. 5,022 മെട്രിക് ടണ്‍ ഗോതമ്പാണ് ഇന്ത്യ നേരത്തെ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രതിരോധ ഉപകരണങ്ങളും 5,00,000 ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും ഇതോടൊപ്പം ഉണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ നല്കിയ സഹായത്തിന് ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നതായും അഫ്ഗാനിസ്ഥാന് അറിയിച്ചു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈഡ്രോക്സിക്ലേറോക്വിനും പാരസെറ്റാമോളും കയറ്റി അയക്കണമെന്ന് വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് മാനിച്ചാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള നിയന്ത്രണം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചത്.
ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റി അയച്ചതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സനാരോ, മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് എന്നിവര്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: