തിരുവനന്തപുരം: സ്വന്തം കഴിവ്കേട് മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിന് ഭൂഷണമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരളം സാമ്പത്തിക പ്രതിസന്ധിയിലായത് ഇവിടുത്തെ ധനകാര്യ മാനേജ്മെന്റ് പരാജയമായതിനാലാണ്. ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഖജനാവ് കാലിയാകാന്‍ കാരണം. കേന്ദ്രം പണം തന്നുകൊണ്ടിരിക്കണം, ഞങ്ങള്‍ ചെലവാക്കി കൊള്ളാം എന്നതാണ് ഐസകിന്റെ നിലപാട്. ഇത് അഴിമതി നടത്താനാണെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കേരളത്തോട് കൈഅയച്ച, ഉദാരസമീപനമാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കേരളത്തിലെ സാധാരണ ജനങ്ങളെ കൂടി മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ്. പാക്കേജിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തിയിട്ടുമുണ്ട്. രണ്ടു ഘട്ടങ്ങളിലായി റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനങ്ങള്‍ സാമ്പത്തിക രംഗത്ത് വന്‍ ഉത്തേജനം നല്‍കുന്നതാണ്. കേന്ദ്രം സാധാരണക്കാരന് നേരിട്ട് സഹായം നല്‍കിയതിനെ തുടര്‍ന്നാണ് വിപണിയില്‍ ധനലഭ്യത ഉണ്ടായത്. ഇപ്പോള്‍ ചെറുകിട ഇടത്തരം മേഖലക്ക് അമ്പതിനായിരം കോടിയുടെ പാക്കേജും വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്താനുള്ള നടപടികളുമെല്ലാം കോ വിഡ് കാല പ്രതിസന്ധി മറികടക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. സ്പ്രിംഗ്ളര്‍ കരാര്‍ ഉള്‍പ്പടെയുള്ള അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഐസക് കേന്ദ്ര വിരുദ്ധത പുലമ്പിക്കൊണ്ടിരിക്കുന്നത്. കേരളീയ സമൂഹത്തിനു മുന്നിലെ കോമാളി കഥാപാത്രമാണിപ്പോള്‍ തോമസ് ഐസക്. കേരളത്തിന്റെ വികസനത്തിന് കേന്ദ്ര കേരള ബന്ധം ശക്തമാകേണ്ടതുണ്ട്. അതിന് വിരുദ്ധമായി നില്ക്കുന്ന ധന മന്ത്രിയെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: