ചേര്‍ത്തല: കൊറോണ 19 ബാധിതര്‍ക്ക് ആശുപത്രിക്കിടക്കയില്‍ ആശ്വാസമായി അഞ്ചംഗസംഘത്തിന്റെ പോര്‍ട്ടബിള്‍ മെക്കാനിക്കല്‍ വെന്റിലേറ്റര്‍. ചേര്‍ത്തല സ്വദേശികളായ അനന്തകൃഷ്ണന്, വിഥുന്, സുബിന്, കിരണ്‍, അഭിമന്യു എന്നിവരാണ് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. അഭിമന്യു ചേര്‍ത്തല പോളിടെക്നിക്കിലേയും ബാക്കി നാലുപേര്‍ ഏറ്റുമാനൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെയും വിദ്യാര്‍ഥികളാണ്. ശ്വാസതടസവുമായി എത്തുന്ന രോഗികള്‍ക്ക് അടിയന്തരമായി പ്രാണവായു നല്കി സ്ഥിരം വെന്റിലേറ്റര്‍ ലഭ്യമാകുന്നതുവരെ ജീവന് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണത്തിന്റെ മാതൃകകളാണ് ഇവര്‍ നിര്‍മ്മിച്ചത്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗികള്‍ക്കൊപ്പം കൊണ്ടുപോകാവുന്ന മികച്ച ശ്വസന സംവിധാനത്തിന്റെ മാതൃകകള്‍ക്കായി കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച മത്സരത്തിലാണ് വിദ്യാര്‍ഥികള്‍ മികവ് പുലര്‍ത്തിയത്. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദര്‍ നിര്‍ദേശിച്ച ശ്വസനപ്രക്രിയ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നിര്‍മാണം. 10 ദിവസം കൊണ്ട് നിര്‍മിക്കണമെന്നായിരുന്നു നിര്‍ദേശം. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അസംസ്കൃതവസ്തുക്കള്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടെങ്കിലും അഞ്ച് ദിവസങ്ങള്‍ കൊണ്ട് വിദ്യാര്‍ഥികള്‍ മാതൃക തയ്യാറാക്കിയത്.
രണ്ട് സ്ലൈഡിങ് റെയ്ല്, 30 സെന്റീമീറ്റര്‍ നീളമുള്ള ത്രെഡ്, രണ്ട് ഗിയര്‍, സ്പീഡ് കുറയ്ക്കാന്‍ മോട്ടര്‍, കൂളിങ് ഫാന്‍, ഹീറ്റ് ടാങ്ക്, മോട്ടര്‍ കണ്ട്രോളര് എന്നിവ പ്ലൈവുഡിലാണ് തയ്യാറാക്കിയിരിക്കുന്നത്. 3500 രൂപയാണ് നിര്‍മാണത്തിന് ചെലവായത്. മികച്ച മാതൃകയായി തെരഞ്ഞെടുക്കപ്പെട്ടതോടെ സാങ്കേതിക സര്‍വകലാശാല സമ്മാനതുകയായി 20000 രൂപ വിദ്യാര്‍ഥികള്‍ക്ക് നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിര്‍ദേശപ്രകാരം കൊവിഡ് ആശുപത്രികളില്ഇതിന്റെ മാതൃക സ്ഥാപിക്കണം. അതിനായുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍.
















