Categories: India

രാജ്യത്തിന് പണലഭ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍ബിഐയുടെ പ്രഖ്യാപനം; ബാങ്കിംഗ് മേഖലക്ക് 50000 കോടി; റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചു

പണ ലഭ്യത ഉറപ്പാക്കുക, വായ്പാ ലഭ്യത ഉറപ്പാക്കുക, സാമ്പത്തിക സമ്മര്‍ദ്ദം ഒഴിവാക്കുക, സുഗമമായ വിപണി ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.4ശതമാനം വളര്‍ച്ചനേടുമെന്നും അദ്ദേഹം പറഞ്ഞു.

Published by

ന്യൂദല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക സമ്മര്‍ദ്ദം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് പണലഭ്യത ഉറപ്പ് വരുത്തുന്നതിന് നടപടികളുമായി റിസര്‍വ് ബാങ്ക്. നിലവിലെ രാജ്യത്തെ സാഹചര്യം വിശകലനം ചെയ്യുന്നുണ്ടെന്നും ഇന്ത്യ 1.9% വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

പണലഭ്യത ഉറപ്പ് വരുത്തുന്നതിനായി റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ആയി കുറച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. സാമ്പത്തിക മേഖലക്ക് ഊര്‍ജ്ജം പകരാന്‍ ചെറുകിട ഇടത്തരം മേഖലകള്‍ക്ക് 50000 കോടി രൂപ, സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക ഫണ്ട് എന്നിവ അനുവദിച്ചിട്ടുണ്ട്. ജി 20 രാജ്യങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഇന്ത്യക്ക് ആയിരിക്കും. ജിഡിപി പോസിറ്റീവ് സൂചനകള്‍ കാണിക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. രാജ്യത്തെ എടിഎമ്മുകളില്‍ 91% വും സജ്ജമാണ്. ബാങ്കുകള്‍ അവസരോചിതമായി ഇടപെടുന്നുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.  

പണ ലഭ്യത ഉറപ്പാക്കുക, വായ്പാ ലഭ്യത ഉറപ്പാക്കുക, സാമ്പത്തിക സമ്മര്‍ദ്ദം ഒഴിവാക്കുക, സുഗമമായ വിപണി ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.4ശതമാനം വളര്‍ച്ചനേടുമെന്നും അദ്ദേഹം പറഞ്ഞു.  

മാര്‍ച്ച് 27 ന് വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചതിന് തുടര്‍ച്ചയായാണ് രണ്ടാം സാമ്പത്തിക പാക്കേജ് എന്ന നിലയില്‍ റിസര്‍വ്വ് ബാങ്കിന്റെ പ്രഖ്യാപനങ്ങള്‍ വരുന്നത്, ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വഴി താഴേതട്ടിലേക്ക് പണമെത്തിക്കാനുള്ള നടപടികളാണ് റിസര്‍വ്വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. കാര്‍ഷിക ഗ്രാമീണ മേഖലകളിലും ഭവന നിര്‍മ്മാണ രംഗത്തുമെല്ലാം പണം വിനിയോഗിക്കപ്പെടാവുന്ന വിധത്തിലാണ് പ്രഖ്യാപനം.  

സംസ്ഥാന സര്‍ക്കാറുകള്‍ക്കും കൂടുതല്‍ പണമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപനം. സംസ്ഥാനങ്ങള്‍ക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി അറുപത് ശതമാനമായി ഉയര്‍ത്തിയത് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാകും.

അധിക നടപടികളുടെ ലക്ഷ്യങ്ങള്‍:
1. കോവിഡ്‌ ബാധമൂലം ധനവിനിമയപ്രതിസന്ധി നേരിടുന്ന വിപണിയിൽ പണത്തിന്റെ ലഭ്യത നിലനിർത്തുക
2. ബാങ്ക് വായ്‌പകളുടെ ലഭ്യത സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
3. സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുക, ഒപ്പം
4. വിപണികളുടെ സാധാരണനിലയിലുള്ള പ്രവർത്തനം ഉറപ്പാക്കുക
പ്രത്യേക ലക്ഷ്യം വച്ചുള്ള ദീർഘകാല പദ്ധതികൾ 
പ്രത്യേക ലക്ഷ്യം വച്ചുള്ള ദീര്‍ഘകാല റിപ്പോ നടപടികളുടെ രണ്ടാം ഘട്ടത്തിനായി (ടി‌എൽ‌ടി‌ആർ‌ഒ 2.0) 50,000 കോടി രൂപ അനുവദിക്കും. കോവിഡ് -19 കൂടുതൽ ഗുരുതരമായി ബാധിച്ച എൻ‌ബി‌എഫ്‌സി, എം‌എഫ്‌ഐ എന്നിവയുൾപ്പെടെ ചെറുകിട, ഇടത്തരം ധനകാര്യസ്ഥാപനങ്ങൾക്ക്‌ പണലഭ്യതയ്‌ക്കായാണ്‌ ഇത് ചെയ്യുന്നത്.
ധനകാര്യ സ്ഥാപനങ്ങൾക്കുള്ള പുനര്‍ധനസഹായം
വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ് (നബാർഡ്), ചെറുകിട വ്യവസായ വികസന ബാങ്ക്, നാഷണൽ ഹൗസിംഗ് ബാങ്ക് (എൻ‌എച്ച്ബി) എന്നിവയ്‌ക്ക് 50,000 കോടി രൂപ നൽകും. ഈ സ്ഥാപനങ്ങൾ ധനസമാഹരണത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാലാണ്‌ റീഫിനാൻസിങ്ങ്‌ സൗകര്യം നൽകുന്നത്‌.
റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചു
റിവേഴ്സ് റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചു. 4.0 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായാണ്‌ റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചത്‌. ഉൽ‌പാദന മേഖലകളിലെ നിക്ഷേപങ്ങളിലും വായ്പകളിലും കൂടുതൽ പണം ലഭ്യമാക്കാൻ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്‌.
സംസ്ഥാനങ്ങളുടെ പരിധി ഉയർത്തൽ
ലോക് ഡൗൺ പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് പരിധി 2020 മാർച്ച് 31 വരെയുള്ളതിനെ അപേക്ഷിച്ച് 60% വര്‍ദ്ധിപ്പിച്ചു. ഇത്‌ കോവിഡ് -19 പ്രതിസന്ധി കുറയ്‌ക്കാനുള്ള ശ്രമങ്ങളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകും.
വരവിലും ചെലവുകളിലുമുള്ള താൽക്കാലിക പൊരുത്തക്കേടുകൾ പരിഹരിക്കാൻ സർക്കാരുകളെ സഹായിക്കുന്നതിന് റിസർവ് ബാങ്ക് നൽകുന്ന താൽക്കാലിക വായ്പാ സൗകര്യമാണ് വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്. വര്‍ദ്ധിപ്പിച്ച വായ്പാ പരിധി 2020 സെപ്റ്റംബർ 30 വരെ ലഭ്യമായിരിക്കും.

 റെസല്യൂഷൻ സമയക്രമം നീട്ടി
സമ്മർദ്ദത്തിലാകുന്ന ആസ്തികളുടെയോ നിഷ്‌ക്രിയ ആസ്‌തി (എൻ‌പി‌എ) കളാകാൻ സാധ്യതയുള്ളതോ ആയ ഇടപാടുകളുടെ പരിഹാരത്തിനുള്ള കാലാവധി 90 ദിവസത്തേക്ക് നീട്ടി.
ലാഭവിഹിതം വിതരണം
2019–20 സാമ്പത്തിക വർഷത്തിൽ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും കൂടുതൽ ലാഭവിഹിതം നൽകേണ്ടതില്ല. ബാങ്കുകളുടെ മൂലധന സംരക്ഷണത്തിനാണിത്‌.
ലിക്വിഡിറ്റി കവറേജ് അനുപാതം കുറയ്‌ക്കൽ

വ്യക്തിഗത സ്ഥാപനങ്ങളുടെ പണലഭ്യത മെച്ചപ്പെടുത്തുന്നതിനായി വാണിജ്യ ബാങ്കുകളുടെ ലിക്വിഡിറ്റി കവറേജ് അനുപാതം 100 ശതമാനത്തിൽ നിന്ന്‌ 80 ശതമാനമായി താഴ്‌ത്തി. തീരുമാനം ഉടൻ പ്രാബല്യത്തിലാക്കി. 2020 ഒക്ടോബർ 1 നകം 90 ശതമാനമായും 2021 ഏപ്രിൽ 1 നകം 100 ശതമാനമായും ഇത് രണ്ട് ഘട്ടങ്ങളായി പുനസ്ഥാപിക്കപ്പെടും .
എൻ‌ബി‌എഫ്‌സി വായ്പകൾ
വാണിജ്യ പ്രവൃത്തികൾ സമയ ബന്ധിതമായി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വാണിജ്യ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾക്കുള്ള വായ്പ തുക എൻ‌ബി‌എഫ്‌സികൾക്കും ലഭ്യമാക്കും. ഇത്‌ എൻ‌ബി‌എഫ്‌സിക്കും റിയൽ എസ്റ്റേറ്റ് മേഖലയ്‌ക്കും ആശ്വാസം പകരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക