കോഴിക്കോട്: സസ്‌പെന്റ് ചെയ്യപ്പെട്ട കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി ഡോക്ടറെ തിരിച്ചെടുക്കണമെന്ന ഉത്തരവ് ആരോഗ്യവകുപ്പ് നടപ്പാക്കിയില്ല. ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ.കെ.സി. സോമനെയാണ് ഇതുവരെ തിരിച്ചെടുക്കാന്‍ നടപടി യില്ലാത്തത്. ഇത് ജാതീയ വിവേചനമാണെന്ന ആരോപണവുമായി പട്ടികജാതി സംഘടനകള്‍. ചികിത്സയ്‌ക്കിടയില്‍ രോഗി മരണപ്പെട്ട സംഭവത്തിലാണ് ഡോക്ടര്‍ സസ്‌പെന്‍ഷനിലായത്. സമാനമായ സംഭവത്തില്‍ മറ്റൊരു ഡോക്ടറെ തിരിച്ചെടുത്തിട്ടും സോമനെ തിരിച്ചെടുക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല.
ഒരു വര്‍ഷം മുമ്പ് കൊയിലാണ്ടി സ്വദേശിയായ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിത്തവാഹിനി കുഴലിലെ സുഷിരം ഒഴിവാക്കുന്നതിനായി ഡോ.സോമന്‍ ശസ്ത്രക്രിയ നടത്തി. മൂന്നാം ദിവസം രോഗിക്ക് ചില അസ്വസ്ഥതകളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കല്‍ക്കട്ടയില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന ഡോക്ടര്‍ സോമന്‍ തിരിച്ചെത്തി. പരിശോധനയില്‍ രോഗിയുടെ കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായെന്ന് മഞ്ഞപ്പിത്ത ബാധയുള്ളതായും കണ്ടെത്തി. തുടര്‍ന്ന് ഗ്യാസ്‌ട്രോഎന്‍ട്രോളജി, നെഫ്രോളജി വിഭാഗങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ദിവസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ രോഗി മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അടക്കം നാല് പേരടങ്ങുന്ന സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഡോ.കെ.സി. സോമനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.
ചട്ടപ്രകാരമുള്ള സസ്‌പെന്‍ഷന്‍ കാലാവധിയായ മൂന്ന് മാസം പിന്നിട്ട് ആറ് മാസം കഴിഞ്ഞപ്പോള്‍ കോഴിക്കോട് ഒഴികെയുള്ള മറ്റേതെങ്കിലും ഒരു മെഡിക്കല്‍ കോളേജില്‍ ഇദ്ദേഹത്തെ നിയമിക്കണമെന്ന ഗവര്‍ണറുടെ ഉത്തരവ് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ തുടങ്ങിയവര്‍ക്ക് ലഭിച്ചെങ്കിലും നടപടികളുണ്ടായില്ല. 2020 മാര്‍ച്ച് 17നാണ് ഗവര്‍ണറുടെ ഉത്തരവ് ഇറങ്ങിയത്.
സസ്‌പെന്‍ഷന്‍ കാലയളവ് ശിക്ഷാ കാലയളവായി കണക്കാക്കിയാലും അതില്‍ കൂടുതല്‍ കാലയളവായ എട്ടു മാസമായി അദ്ദേഹത്തിന് ശമ്പളമോ മറ്റ് യാതൊരു ആനുകൂല്യമോ നല്‍കുന്നില്ല. ഇതിനുശേഷം മെഡിക്കല്‍ കോളേജില്‍ നടന്ന സമാനമായ മറ്റൊരു കേസില്‍ ചികിത്സയ്‌ക്കിടെയുള്ള ശസ്ത്രക്രിയയെതുടര്‍ന്ന് ഒരു ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തില്‍ മൂന്നു മാസം സസ്‌പെന്‍ഷനിലായ മറ്റൊരു ഡോക്ടറെ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ശമ്പളമടക്കം എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിച്ചു നല്‍കുകയും ചെയ്തിരുന്നു.
പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ പ്രോട്ടോകോള്‍ പ്രകാരം അഡീഷണല്‍ സൂപ്രണ്ടായ ഡോക്ടറുടെ കീഴ് ഉദ്യോഗസ്ഥനായ ആര്‍എംഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഓപ്പറേഷനില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചില്ലെന്നും ശേഷമുള്ള ചികിത്സ അസിസ്റ്റന്റാണ് നടത്തിയതെന്നും പ്രത്യേകം പറയുന്നുണ്ട്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ വിദഗ്ദരായ ആരും തന്നെ അന്വേഷണ കമ്മറ്റിയില്‍ ഇല്ലായിരുന്നു. രോഗി മരിക്കുന്നതിനു മുമ്പ് ശസ്ത്രക്രിയക്കുശേഷം രോഗിയെ റഫര്‍ ചെയ്ത ഗ്യാസ്‌ട്രോഎന്‍ട്രോളജി, നെഫ്രോളജി വിഭാഗങ്ങളില്‍ ദിവസങ്ങളോളം ചികിത്സ നടത്തിയ ചില ഡോക്ടര്‍മാരും ഈ അന്വേഷണ സംഘത്തില്‍ അംഗങ്ങളായത് അന്വേഷണ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. രോഗിയുടെ മരണത്തില്‍ മൂന്ന് വകുപ്പുകളായ സര്‍ജറി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, നെഫ്രോളജി എന്നിവയ്‌ക്ക് തുല്യ പങ്കാളിത്വം നിലനില്‍ക്കെ സര്‍ജറി യൂണിറ്റ് ചീഫായ ഡോ.കെ.സി. സോമനെ മാത്രം സസ്‌പെന്റ് ചെയ്തതിലും തിരിച്ചെടുക്കാത്തതിലും ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. ഡോ. കെ.സി. സോമന്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അഡീഷണല്‍ സൂപ്രണ്ടാണ്.
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയായ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെപ്പോലും തിരിച്ചെടുത്ത സംസ്ഥാന സര്‍ക്കാര്‍ മികച്ച ജനറല്‍ സര്‍ജറി ഡോക്ടര്‍മാരില്‍ വിദഗ്ദനായ ഇദ്ദേഹത്തോട് കാണിക്കുന്നത് വിവേചനപരമായ സമീപനവും കടുത്ത ജാതീയതയാണെന്ന് പട്ടികജാതി, വര്‍ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂര്‍ ആരോപിക്കുന്നു. ഡോ.കെ.സി. സോമനെതിരെ നടക്കുന്നത് നീതി നിഷേധവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്നും ഇദ്ദേഹത്തെ സര്‍വ്വീസില്‍ തിരിച്ചെടുത്ത് തുല്യനീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സതീഷ് പാറന്നൂര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: