തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പനയ്ക്കു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരില്‍ നിന്നു കര്‍ശന നിര്‍ദേശം ലഭിച്ചതോടെ ഇതില്‍ നിന്നു ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനു കളമൊരുങ്ങിയിരിക്കുയാണ്. സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ പേരില്‍ ഓണ്‍ലൈനായി മദ്യത്തിനുള്ള വെബ്സൈറ്റ് ആരംഭിച്ചിരിക്കുയാണ് തട്ടിപ്പുകാര്‍. https://bevco-online.revlity.com/ എന്ന പേരിലുള്ള സൈറ്റില്‍ ബിവറേജസില്‍ ലഭ്യമായ എല്ലാ മദ്യബ്രാന്‍ഡുകളും ചിത്രങ്ങളും തുകയും രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ള മദ്യം തെരഞ്ഞെടുത്താല്‍ മദ്യം എത്തിക്കേണ്ട വിലാസവും വിവരങ്ങളും നല്‍കണം. അടുത്ത ഘട്ടത്തില്‍ ഓണ്‍ലൈനായി പണം അടയ്ക്കണം. നികുതി ഇനത്തില്‍ ഉയര്‍ന്ന മറ്റൊരു തുകയും മദ്യത്തിന്റെ വിലയ്ക്കൊപ്പം നല്‍കണം. വിതരണം സൗജന്യമാണെന്നാണ് സെറ്റില്‍ നല്കുന്ന വിവരം. സൈറ്റിന്റെ ലിങ്ക് അടക്കം ചില സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു തട്ടിപ്പിന്‍രെ വിവരങ്ങള്‍ പുറത്തുവരുന്നത്. പണം തട്ടാനുള്ള നീക്കമാണെന്നാണ് ബെവ്കോ നല്കുന്ന വിവരം. ഓണ്‍ലൈന്‍ മദ്യവില്‍പ്പന സര്‍ക്കാര്‍ പദ്ധതിയിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതിനാല്‍ ബെവ്കോയുടെ തന്നെ പേരിലുള്ള ഇത്തരം സൈറ്റില്‍ ആള്ക്കാര് തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയേറെയാണ്.
മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്കാന് നേരത്തേ, കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെ മദ്യം മരുന്നായി ശുപാര്‍ശ ചെയ്യുന്നതിന്റെ അപകടങ്ങള്‍ ചൂണ്ടികാട്ടി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തി. ഡോക്ടര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപംനല്‍കുന്നതിനിടെ തന്നെ ശുപാര്‍ശകള്‍ എക്സൈസ് ഓഫീസുകളില്‍ എത്താന്‍ തുടങ്ങി. എന്നാല്‍, വിവാദം ശക്തമാകുകയും തൊട്ടുപിന്നാലെ സര്‍ക്കാര്‍ നീക്കത്തിന് എതിരേ ഹൈക്കോടതി വിധി വരുകയും ചെയ്തതോടെ ഡോക്റ്റര്‍മാരുടെ കുറിപ്പിടിയില്‍ മദ്യവില്‍പ്പന എന്ന അധ്യായം അടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: