കോഴിക്കോട്: വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും കുടുംബത്തിലെ മറ്റ് മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ഹോട്ട്സ്പോട്ടായി എടച്ചേരി മാറി.
ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് പേരും എടച്ചേരിയിലെ ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍. എടച്ചേരിയില്‍ കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കു തന്നെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിലെ ആദ്യ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച ഉടന്‍ ബാക്കി മുഴുവന്‍ അംഗങ്ങളെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് കര്‍ശന നിരീക്ഷണം നടത്തിവരികയായിരുന്നു.
മാര്‍ച്ച് 18 ന് ദുബായില്‍ നിന്നു വന്ന 39 കാരനും 59 വയസ്സുള്ള ഇദ്ദേഹത്തിന്റെ മാതാവിനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. മറ്റു രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. ഇവരുടെ ആദ്യത്തെ രണ്ട് സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. ഏപ്രില്‍ 13 നായിരുന്നു ആദ്യം സാമ്പിള്‍ എടുത്തത്. 14ന് എടുത്ത സാമ്പിളുകളാണ് പോസിറ്റീവ് ആയത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18 ആയി. ഇവരില്‍ ഒന്‍പത് പേര് രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ ഒന്‍പത് പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ച നാലു ഇതര ജില്ലക്കാരില്‍ രണ്ടു കാസര്‍ഗോഡ് സ്വദേശികളും രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ രണ്ടു പേര് ചികിത്സയിലുണ്ട്..
ജില്ലയില്‍ 1298 പേര് കൂടി ഇന്നലെ വീടുകളിലെ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ 9864 ആയി. 12875 പേര് നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇന്നലെ പുതുതായി വന്ന 15 പേര് ഉള്‍പ്പെടെ ആകെ 28 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 11 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്നലെ 55 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 625 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 570 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 548 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 55 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: