കൊച്ചി: കൊറോണ പരിശോധനക്കായി കളമശേരി മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ (റിയല്‍ ടൈം റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്) ലബോറട്ടറികള്‍ സജ്ജമായി. പരിശോധന ഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന പരിശോധന സംവിധാനമാണ് ജില്ല ഭരണകൂടത്തിന്റെയും കളമശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെയും ശ്രമഫലമായി പ്രാവര്‍ത്തികമായത്.
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജില്ലയില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചിരുന്നത്. ഇതിന് കാലതാമസം നേരിടുന്നതിനെ തുടര്‍ന്നാണ് കളമശേരി മെഡിക്കല്‍ കോളേജില്‍ പുതിയ സംവിധാനം ക്രമീകരിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.
ദിവസേന 180 സാമ്പിളുകളാണ് ലാബില്‍ പരിശോധിക്കാനാകും. രണ്ട് പിസിആര്‍ ഉപകരണങ്ങളാണ് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിട്ടുള്ളത്. ഒന്നേകാല്‍ കോടി രൂപയാണ് ലാബ് സജ്ജീകരണത്തിന് ഇതുവരെ ചെലവായത്. നിപ്പ കാലത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടര്‍മാര്‍ക്കാണ് ലാബിന്റെ ചുമതല. ഐസിഎംആറിന്റെ അനുമതിയോടുകൂടി വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയും പുതിയ ലാബില്‍ നടത്താന്‍ സാധിക്കും.
പി.ടി. തോമസ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 27.57 ലക്ഷം രൂപ ചെലവില്‍ ബയോ സേഫ്റ്റി ക്യാബിനറ്റുകളും ഹൈബി ഈഡന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ ചെലവില്‍ പരിശോധന കിറ്റുകളും ലാബിലേക്ക് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: