വടകര: മാഹിയില്‍ കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളതും കൊറോണ ബാധ സ്ഥിരീകരിച്ചതുമായ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് നിവാസിയുമായി നേരിട്ട് സമ്പര്‍ക്കമുള്ള 20 പേരെ വടകരയിലെ കൊറോണ ഐസൊലെഷന് സെന്ററില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും സ്രവം പരിശോധനക്കായി എടുത്തു. നേരിട്ട് സമ്പര്‍ക്കമില്ലാത്ത 26 പേരെ വീടുകളില്‍ നിരീക്ഷണത്തിലേക്ക് മാറ്റി. നിലവില്‍ 132 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.
അഴിയൂര്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. മാഹി അതിര്‍ത്തിയുമായി ബന്ധപ്പെടുന്ന ഏഴ് സ്ഥലങ്ങള്‍ അടച്ച് പോലിസ് റവന്യൂ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു. അഴിയൂര്‍ ചുങ്കം , മോന്താല്‍ കടവ് , കോവുക്കല്‍ കടവ്, മാഹി റെയില്‍വെ സ്റ്റേഷന് റോഡ് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചത്. പോലീസ് – റവന്യൂ – ആരോഗ്യ വിഭാഗങ്ങള്‍ ചേര്‍ന്നാണ് ചെക്ക് പോസ്റ്റുകള്‍ നിയന്ത്രിക്കുന്നത്. ഈ രണ്ട് വാര്‍ഡുമായി ബന്ധിപ്പിക്കുന്ന ചെറുറോഡുകള്‍ പൂര്‍ണ്ണമായും അടച്ചു.
ഡെപ്യൂട്ടി കളക്ടര്‍ ടി. ജനില്‍കുമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കടകള്‍ രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയേ തുറക്കാന്‍ പാടുള്ളു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ നാല്, അഞ്ച് വാര്‍ഡുകളില്‍ ഒഴികെ രണ്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പൂര്‍ണ്ണമായും നിയന്ത്രിക്കും. പൊതുപ്രവേശന മാര്‍ഗങ്ങളില്‍ പോലിസിന്റെ കര്‍ശന പരിശോധന ഉണ്ടാകും.
അഴിയൂരില്‍ ഏപ്രില്‍ 20 വരെ കോവിഡ് 19 നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനും 9496048103, 9645243922 നമ്പറുകളില്‍ വിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: