ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കൈത്താങ്ങ്. ‘സ്വയം’ എന്ന പദ്ധതിയിലൂടെ ഇന്റര്‍നെറ്റ് വഴിയും മന്ത്രാലയത്തിന്റെ സ്വയംപ്രഭ ടിവി ചാനലുകളിലൂടെയുമാണ് പഠനസൗകര്യമൊരുക്കുന്നത്. കെവിഎസ്, എന്‍വിഎസ്, സിബിഎസ്ഇ, എന്‍സിആര്‍ടിഇ എന്നിവയുടെ സഹായത്തോടെയാണിത്.
സ്കൂള്‍ വിദ്യാഭ്യാസം വീടുകളിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ഉള്ളടക്കം മന്ത്രാലത്തിന്റെ ‘സ്വയം’ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നു. സ്വയംപഠന സാമഗ്രികള്‍ക്കൊപ്പം വീഡിയോ ലക്ചറുകളും സ്വയംവിലയിരുത്തലിനുള്ള സൗകര്യവും പോര്‍ട്ടല്‍ ലഭ്യമാക്കുന്നു. പഠിതാക്കളുടെ ചോദ്യങ്ങളും സംശയങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള സംവിധാനവുമുണ്ട്. അധ്യാപകരും വിവിധ വിഷയങ്ങളിലെ വിദഗ്ധരുമായി ആശയവിനിമയത്തിനുള്ള തത്സമയ സെഷനുകള്‍ ഉള്‍പ്പെടെ തയാറാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവര്‍ക്ക് സ്വയംപ്രഭ ചാനലുകളിലൂടെ ഇത് സംപ്രേഷണം ചെയ്യുന്നു. ജെഇഇക്കും എന്‍ഇഇടിക്കും തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഗുണകരമാകും.
പാണിനി, ശ്രദ്ധ, കിഷോര്‍ മഞ്ച് തുടങ്ങിയവയാണ് ചാനലുകള്‍. വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ക്കൊപ്പം രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റെക്കാഡ് ചെയ്ത സംപ്രേഷണവും ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി ഏഴു വരെ തത്സമയ സെഷനുകളുമുണ്ടാകും. തത്സമയ സംപ്രേഷണത്തില്‍ ഫോണിലൂടെ ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള അവസരമുണ്ട്. വിവിധ ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ സ്വയംപ്രഭ ചാനലുകള്‍ ലഭ്യമാക്കാമെന്ന് മാനവ വിഭവശേഷി, വാര്‍ത്താവിനിമയ മന്ത്രാലയങ്ങളെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: