തിരുവനന്തപുരം: ‘സ്വപ്നം കാണുന്നവന്, വിശ്വാസി, ശുഭാപ്തി വിശ്വാസക്കാരന്‍, സൗന്ദര്യമുള്ള വസ്തുക്കളെ പ്രണയിക്കുന്നവന് ‘ എന്നാണ് സ്പ്രിങ്ക്ളറുടെ സ്ഥാപകനും സിഇഒയുമായ റാഗി തോമസ് സ്വയം വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ജനിച്ച് നൈജീരിയിലും പോണ്ടിച്ചേരിയിലും ന്യൂയോര്‍ക്കിലും പഠിച്ച റാഗിയുടെ വളര്‍ച്ചയും സ്വപ്ന വേഗത്തില്‍.. വിശ്വാസിയായ റാഗിക്കെതിരെ അമേരിക്കന്‍ കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തി കേസുണ്ട്. സൗന്ദര്യമുള്ള വസ്തുക്കളെ പ്രണയിക്കുന്ന റാഗി മലയാളത്തില്‍ പ്രണയ ചിത്രവും നിര്‍മ്മിച്ചു. ‘എന്ന് നിന്റെ മൊയ്തീന്’. കേരളസര്‍ക്കാരുമായുള്ള പുതിയ ഇടപാട് വിവാദമായെങ്കിലും ശുഭാപ്തി വിശ്വാസത്തിലാണ് റാഗി തോമസ്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജോലിയുടെ ഭാഗമായി 1996 ല്‍ അമേരിക്കയിലെത്തിയെ റാഗി തോമസ്, എടി ആന്റ് ടി, ബെല്‍ ലാബ്സ് എന്നിവയ്ക്കായി ഐടി കണ്‍സള്‍ട്ടിംഗ് പ്രവര്‍ത്തിച്ചു.ഒരു ഡോട്ട് കോം സ്റ്റാര്‍ട്ടപ്പിലും ജോലി ചെയ്തു.ബിഗ് ഫൂട്ട് ഇന്ററാക്ടീവ് എന്ന ഇമെയില്‍ മാര്‍ക്കറ്റിങ് കമ്പനിയില്‍ ചീഫ് ടെക്നോളജി ഓഫീസറായി പ്രവര്‍ത്തിച്ചു. 2009-ലാണ് സോഷ്യല്‍ മീഡിയ, കസ്റ്റമര്‍ എക്സ്പീരിയന്‍സ് വിശലകനം ചെയ്ത് തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര് സേവനം നല്കുന്ന സ്പ്രിങ്ക്ളര്‍ കമ്പനി സ്ഥാപിക്കുന്നത്.
കമ്പനികള്‍ക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന പൊതുസംഭാഷണങ്ങള് ശേഖരിച്ച് വിശകലനം ചെയ്ത്, അതിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര് സ്പ്രിങ്ക്ളര്‍ നല്‍കും. ഈ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പരസ്യം, ഗവേഷണം, കരുതല്‍, ഇടപെടല്‍ എന്നിവ ചെയ്യാന്‍ കമ്പനികള്‍ക്ക് കഴിയും. സിസ്കോ, ഡെല്‍, വെര്‍ജിന്‍ അമേരിക്ക, നൈക്കി, മക്ഡൊണാള്‍ഡ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ സ്പ്രിങ്ക്ളറുടെ ഉപഭോക്താക്കളായിരുന്നു.
2016-ല്‍ 1.8 ബില്യണ്‍ ഡോളര്‍ (14,000കോടി)യായി യൂണികോണ്‍ പദവി സ്വന്തമാക്കി.ഇപ്പോള്‍, 16 രാജ്യങ്ങളിലായി 25 ഓഫീസുകളുള്ള കമ്പനിയില്‍ 1,900 ജീവനക്കാരുണ്ട്.
തങ്ങളുടെ ബൗദ്ധിക സ്വത്ത് മോഷ്ടിച്ചുവെന്നാരോപിച്ച് സ്പ്രിങ്ക്ളര്ക്കെതിരെ മാര്‍ക്കറ്റിങ് സാങ്കേതികവിദ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓപല്‍ ലാബ്സ് എന്ന അമേരിക്കന്‍ കമ്പനി കേസു കൊടുത്തു. 2017-ലാണ് നിയമനടപടി ആരംഭിച്ചത്. 50 മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരമാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: