തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ സ്പ്രിങ്ക്ളര്‍ കമ്പനിക്ക് കൈമാറിയതിന് പിന്നില്‍ ആരോഗ്യവിവരങ്ങളുടെ വില്‍പ്പനയെന്ന് ആരോപണം. ആരോഗ്യരംഗത്തെ ഭീമന്മാരും വന്‍കിട മരുന്നുകമ്പനികളുമടക്കം ഉപഭോക്താക്കളായിട്ടുള്ള വിവാദ കമ്പനി അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസില്‍ പ്രതിയാണെന്നുള്ളതും ആരോപണത്തിന്റെ ശക്തി കൂട്ടുന്നു.
രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും 41 വിവരങ്ങളാണ് സോഫ്റ്റ്വെയറില് നല്‍കുന്നത്. ഓരോരുത്തരുടെയും ഉയരവും തൂക്കവും മുതല്‍ അസുഖവിവരവും മരുന്നുകളുടെ വിവരങ്ങളും ബന്ധുക്കളുടേതടക്കം ഫോണ്‍നമ്പരുമടങ്ങുന്ന വിവരങ്ങളാണ് കമ്പനിക്ക് കൈമാറിയിട്ടുള്ളത്.
വിവരശേഖരണം മാത്രമല്ല, അവയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് (വിവരങ്ങളുടെ താരതമ്യ പഠനം) നടത്തുന്ന കമ്പനി ആണ് സ്പ്രിങ്ക്ളര്‍ എന്നത് ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നതിലൂടെ സംസ്ഥാനത്ത് ഏത് മരുന്നാണ് അല്ലെങ്കില്‍ ഏത് ആരോഗ്യ ഉപകരണമാണ് കൂടുതല്‍ ആവശ്യം എന്നറിഞ്ഞ് കമ്പനികള്‍ക്ക് വിവരം നല്‍കാം. മാത്രമല്ല ഓരോരുത്തരുടെയും രോഗ പ്രതിരോധ ശേഷി പോലും നിശ്ചയിച്ച് കമ്പനികള്‍ക്ക് നല്കാന് കഴിയും. ഇതനുസരിച്ച് കമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകളുടെ വലിയ മാര്‍ക്കറ്റായി സംസ്ഥാനത്തെ മാറ്റാം.
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാനുള്‍പ്പെടെ ഈ വിവരങ്ങള്‍ ഉപയോഗിക്കാം. രാജ്യാന്തരതലത്തില്‍ മരുന്നുകമ്പനികള്‍ നടത്തുന്ന മത്സരത്തിന് വിവരങ്ങള്‍ ശേഖരിക്കുന്നത് ഇത്തരം കമ്പനികളിലൂടെയാണ്. ലണ്ടനില്‍ കൊറോണ രോഗികളുടെ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനി മറിച്ച് വിറ്റത് വലിയ വിവാദമായിട്ടുണ്ടെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് വിവര വിശകലന വിദഗ്ധര്‍ പറയുന്നു.
പ്രളയ ദുരിതകാലം മുതല്‍ വിവാദകമ്പനി സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ് വിവരം. ഇക്കാര്യം മന്ത്രി എ.സി. മൊയ്തീന് പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല വ്യക്തമാക്കി. 97 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സഹിതം നല്‍കിയെന്നും സൂചനയുണ്ട്.
ഇതിലൂടെ ആധാര്‍, ബാങ്ക് വിവരങ്ങള്‍ അടക്കം കമ്പനിക്ക് എടുക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടെലികോളര്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ മുതല്‍ വന്‍കിട മരുന്നു കമ്പനികള്‍ക്ക് വരെ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാം.
രാജ്യാന്തര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളൊന്നും സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാറില്‍ പാലിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ ചെയ്യേണ്ട കാര്യങ്ങള്‍പോലും പാലിക്കാതെയാണ് കമ്പനിക്ക് കരാര്‍ നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിനായി ഇ – ഹെല്‍ത്ത് പ്രവൃത്തികള്‍ ചെയ്യുന്ന കമ്പനിയെപോലും ഒഴിവാക്കിയാണ് പുതിയ കമ്പനിക്ക് വിവരങ്ങള്‍ കൈമാറിയത്. നിയമനടപടി സ്വീകരിക്കണമെങ്കില്‍ ന്യൂയോര്‍ക്കിലെ കോടതിയെ സമീപിക്കണമെന്ന കരാറിലെ വ്യവസ്ഥ ദുരൂഹമാണെന്നും സോഫ്റ്റ്വെയര് രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: