ന്യൂദല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ നീട്ടിയതിന്റെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. കേന്ദ്ര മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിട്ടുണ്ടെങ്കിലും കര്‍ശ്ശന ഉപാധികളോടെ ഇളവ് നല്‍കുമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ഏപ്രില്‍ ഇരുപതിന് ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ന് കേന്ദ്രം നല്‍കും.
കൂടാതെ രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വിലയിരുത്താനും ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ യോഗം ചേരുന്നതാണ്.
കഴിഞ്ഞ ദിവസം മുംബൈയില്‍ അരങ്ങേറിയ പ്രതിഷേധത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുമായി ചൊവ്വാഴ്ച ഫോണില്‍ സംസാരിച്ചിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 10,815 ആയി. വൈറസ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 353 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: