തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നല്‍കിയ വ്യാജവാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് മലയാള മനോരമ. ‘നിലപാട് മാറ്റി സുരേന്ദ്രന്‍: കേരള സര്‍ക്കാരിനെതിരായ പ്രതിപക്ഷ വിമര്‍ശനം ശരിയല്ല’ എന്ന രീതിയില്‍ കഴിഞ്ഞ ദിവസം മനോരമ വ്യാജവാര്‍ത്ത നല്‍കിയിരുന്നു. ഈ വ്യാജവാര്‍ത്തക്കെതിരെ കെ. സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയതോടെയാണ് മാനോരമ മാപ്പ് പറഞ്ഞത്. കൊറോണക്കാലത്ത് മലയാള മനോരമ മാധ്യമ സദാചാരത്തിന്റെ ലംഘനമാണ് നടത്തുന്നത്. കുറച്ചുകാലമായി വ്യാജവാര്‍ത്തകളാണ് പത്രം പുറത്തേക്ക് പടച്ചുവിടുന്നത്.
യുപിയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് യുവതി കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊന്ന സംഭവം ഉണ്ടായിരുന്നു. എന്നാല്‍, മലയാള മനോരമ ഈ സംഭവം ലോക്ഡൗണ്‍ കാലത്ത് ഭക്ഷണം കിട്ടാത്തതിനാണെന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. ബിജെപിക്കെതിരെയും നീചമായ വ്യാജവാര്‍ത്ത ചമയ്‌ക്കലാണ് ഈ മാധ്യമ സ്ഥാപനം ചെയ്യുന്നത്. താന്‍ എട്ടിന് എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കിയ വാര്‍ത്ത കുറിപ്പ് ‘നിലപാട് മാറ്റി’ സുരേന്ദ്രന്‍ എന്ന പേരില്‍ 13-ാം തിയതി പത്രം അച്ചടിച്ചത്. ഇത്തരം തട്ടിപ്പ് പരിപാടി ചെയ്യുന്ന മനോരമയ്‌ക്ക് എന്ത് മാധ്യമ സദാചാരമാണുള്ളതെന്ന് കെ. സുരേന്ദ്രന്‍ ചോദിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് മനോരമ ഇന്നു വിശദീകരണവുമായി രംഗത്തെത്തിയത്. കെ. സുരേന്ദ്രന്റെ വാര്‍ത്തക്കുറിപ്പിന് പകരമായി, നേരത്തേ നല്‍കിയ കുറിപ്പ് സങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. സുരേന്ദ്രന്‍ നിലപാട് മാറ്റി എന്ന തരത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്തത് പിശകാണെന്ന് മനോരമയുടെ വിശദീകരണത്തില്‍ പറയുന്നു.
















