കൊച്ചി: കേരളത്തെ പട്ട് ഉടുപ്പിച്ച ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയും സിഇഒയുമായ ബീന കണ്ണന്റെ പിതാവ് വി. തിരുവെങ്കിടം (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം.
സംസ്കാരം എറണാകുളം പച്ചാളത്ത് നഗരസഭ ശ്മശാനത്തില്‍ നടന്നു. ശീമാട്ടി സ്ഥാപകന്‍ വീരയ്യ റെഡ്യാറുടെ മകനാണ് വി.തിരുവെങ്കിടം. ഇദ്ദേഹത്തിന്റെ ഏക മകളാണ് ബീന കണ്ണന്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്കാര ചടങ്ങില്‍ ആളുകള്‍ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതിനാല്‍ ഇതു സംബന്ധിച്ച വിവരം പുറത്തു വിടുന്നത് വൈകിപ്പിക്കുകയായിരുന്നു.
തിരുനെല്‍വേലിയില്‍ നിന്നെത്തിയ എസ്. വീരയ്യ റെഡ്യാര്‍ 1910ലാണ് ആലപ്പുഴയില്‍ ശീമാട്ടി സ്ഥാപിക്കുന്നത്. സഹോദരിയുടെ പേരായിരുന്നു ശീമാട്ടി. അന്നത്തെ ഏറ്റവും വലിയ വസ്ത്രക്കട. 4000 സ്ക്വയര്‍ഫീറ്റ് കെട്ടിടം. . തുടര്‍ന്ന് ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊല്ലം, കായംകുളം, അടൂര്‍, തിരുവനന്തപുരം ബ്രാഞ്ചുകള്‍ സ്ഥാപിച്ചു.
1950 ല്‍ കോട്ടയം ബ്രാഞ്ച് സ്ഥാപിച്ചു. ഈ കാലത്തിനിടയ്ക്ക് പിതാവിനോടൊപ്പം വസ്ത്രവ്യാപാരത്തില്‍ മകന് വി. തിരുവെങ്കിടവും ചുവടുറപ്പിക്കുകയായിരുന്നു. കോട്ടയത്തെ വ്യാപാരസ്ഥാപനം മികച്ച നിലയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് തിരുവെങ്കിടമായിരുന്നു. തുടര്‍ന്ന് കൊച്ചിയിലും ശീമാട്ടി ബ്രാഞ്ച് സ്ഥാപിച്ചു.
ഒരു നൂറ്റാണ്ടിലേറെ പിന്നിട്ട ശീമാട്ടി മലയാളികളുടെ മനസില്‍ ഇടംപിടിച്ചതിനു പിന്നില്‍ വി. വെങ്കിടത്തിന്റെയും പിതാവിന്റെയും കഠിനാധ്വാനവും അര്‍പ്പണ ബോധവുമായിരുന്നു. സ്ഥാപനത്തിന്റെ ചുക്കാന്‍ മകള്‍ ബീനയ്ക്ക് കൈമാറി വിശ്രമ ജീവിതം നയിക്കുകയായിരുന്നു തിരുവെങ്കിടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: