ഓരോ ദുര്‍ഘടാവസ്ഥയുണ്ടാകുമ്പോഴും നമ്മുടെ മാനസിക, ശാരീരിക ക്ഷമത കാത്തൂസുക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു ദുര്‍ബ്ബല മനസ്സിനെ ശരീരത്തിനായാലും കൊണ്ടുനടക്കാന്‍ പ്രയാസമാണ്. പക്ഷേ ഒരു ആരോഗ്യമുള്ള മനസ്സിന് ഏത് ശരീരത്തേയും കൊണ്ടുനടക്കാം. അതുകൊണ്ട് നമുക്ക് ആദ്യം മനസ്സിന്റെ കാര്യം നോക്കാം.
നമ്മുടെ മനസ്സ് ദുര്‍ബ്ബലമാകുന്നത് ആവശ്യമില്ലാത്ത ആധിയും സംശയങ്ങളും ചിന്തകളും കൊണ്ടാണ്. നമ്മുടെ മനോഭാവം എപ്പോഴും പോസിറ്റീവ് ആയിരിക്കണം. അനാവശ്യ ആധി ഉണ്ടാകുന്നവരാണെങ്കില്‍ കൊറോണ സംബന്ധിച്ച വിവരങ്ങളും വാര്‍ത്തകളും നിയന്ത്രിതമായി കേട്ടാല്‍ മതി. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുകയും കര്‍ശനമായി പാലിക്കുകയും വേണം. നമ്മള്‍ അറിയേണ്ടതെല്ലാം അവര്‍ പറഞ്ഞുതരും. ഇത് കുറച്ച് ദിവസങ്ങളിലേക്കുള്ള നി ര്‍ദ്ദേശങ്ങളാണ്. നാം എല്ലാവരും സഹകരിച്ചാല്‍ ഈ സ്ഥിതിയില്‍ നിന്നും പെട്ടെന്ന് പുറത്തുവരാം എന്നു വിശ്വസിക്കണം.
എത്രയോ ഹര്‍ത്താലുകള്‍ കണ്ടവരാണ് നമ്മള്‍. ആരുടെയൊക്കെയോ ആവശ്യത്തിനായി ഈ ഹര്‍ത്താലുകള്‍ നമ്മള്‍ സഹിച്ചു. വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ രക്ഷയ്‌ക്കാണിതെന്നറിയുമ്പോള്‍ നമ്മുടെ മനസ്സ് ശാന്തമാകുന്നില്ലേ? ഇങ്ങനെ വീട്ടിലിരിക്കുമ്പോള്‍ നാം എങ്ങനെ ഇതിനെ നോക്കിക്കാണണം? വീടുകള്‍ പലതരത്തിലുണ്ട്. കൂടുതല്‍ അംഗങ്ങള്‍ ഉള്ളവര്‍, ഭാര്യ ഭര്‍ത്താവ് കുട്ടികള്‍ മാത്രം, വയസ്സായവര്‍ ഒറ്റയ്‌ക്ക്, അങ്ങനെ പലതരം. അംഗസംഖ്യ വ്യത്യസ്തമായ ചുറ്റുപാടില്‍ അവരുടെ മാനസിക പ്രശ്‌നങ്ങള്‍ക്കും അല്‍പസ്വല്‍പ വ്യത്യാസം ഉണ്ടാകാം. എന്നാല്‍ പൊതുവായി ചില കാര്യങ്ങള്‍ പറയാം.
1. നമ്മള്‍ ആധിയും ഉത്കണ്ഠയും കാണിച്ചാല്‍ കുട്ടികളിലും അകാരണമായ ആധി ഉണ്ടാകും. നിങ്ങള്‍ തളര്‍ന്നാല്‍ അവര്‍ക്ക് സുരക്ഷിതത്വം തോന്നില്ല. നിരാശ, ആധി, ഉത്കണ്ഠ ഇവ ഉണ്ടാകാതിരിക്കണം. ഇവ ഉണ്ടാക്കുന്നത് നമ്മുടെ തന്നെ ചിന്തകളാണ്. അനുകൂല ചിന്തകൊണ്ട് പ്രതികൂല ചിന്തകളെ പാടെ കളയണം. ഇത് കുറച്ചു നാളുകള്‍ക്കുള്ള നിയന്ത്രണങ്ങളാണെന്നും എല്ലാവരും സര്‍ക്കാരിനൊപ്പം നിന്നാല്‍ പെട്ടെന്നു തന്നെ ഇതില്‍നിന്ന് വെളിയില്‍ വരാം എന്ന് മനസ്സില്‍ ഉറപ്പിക്കണം. നമുക്ക് രോഗം വരാതിരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കി തന്ന ഒരു രക്ഷാകവചമാണിതെന്ന് വീണ്ടും മനസ്സിനെ പഠിപ്പിക്കണം. പത്രമാധ്യമ വാര്‍ത്തകള്‍ നിങ്ങളെ ആകുലരാക്കുന്നുണ്ടെങ്കില്‍ അത് കാണുന്നത് നിയന്ത്രിക്കണം.
2. വിരസത അല്ലെങ്കില്‍ യീൃലറീാ വരാതെ സൂക്ഷിക്കണം. കൃത്യമായ വ്യായാമം, ഭക്ഷണം, ഉറക്കം ഇവ ഉണ്ടായിരിക്കണം. വീട്ടില്‍ എല്ലാവര്‍ക്കും ഓരോ ദിവസത്തെ പ്രവൃത്തികള്‍ക്ക് ഒരു ടൈംടേബിള്‍ ഉണ്ടാക്കാം. വര്‍ക്ക് ഫ്രം ഹോം ഉള്ളവര്‍ അതനുസരിച്ച് പ്ലാന്‍ ചെയ്യണം. വീട് വൃത്തിയാക്കണം, അടുക്കള, സ്റ്റോര്‍ ഇവ വൃത്തിയാക്കി അടുക്കി വയ്‌ക്കാം, പുസ്തകങ്ങള്‍ പൊതിഞ്ഞു പേരെഴുതി ലിസ്റ്റ് തയ്യാറാക്കാം, തയ്യല്‍, പേയിന്റിങ്, സംഗീതം, ക്രാഫ്റ്റ് ഇവയെല്ലാം അഭിരുചിക്കനുസരിച്ചു ചെയ്യാം.
3. പരസ്പരം ഓരോരുത്തരുടെയും നന്മ കാണുകയും അത് പ്രകടിപ്പിക്കുകയും ഓരോ കുടുംബാംഗങ്ങളെയും നന്മയുടെ കണ്ണിലൂടെ നോക്കി കണ്ട് മനസ്സിന്റെ സുഖം അനുഭവിക്കുക. വായു മലിനീകരണം, അന്തരീക്ഷ മലിനീകരണം ഇവ തടയുന്നപോലെ ദുഷ്ചിന്തകളും അസൂയ, കുശുമ്പ്, ദേഷ്യം എന്നീ മാലിന്യങ്ങള്‍ അകറ്റി സ്‌നേഹം വിശ്വാസം എന്നിവകൊണ്ട് മനസ്സ് ഊര്‍ജ്ജസ്വലമാക്കാനും മാനസ മലിനീകരണം തടയാനും ഈ അവസരം ഉപയോഗിക്കാം.
4. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നമുക്ക് ഈ അവസരം ഉപയോഗിക്കാം. ശക്തമായ ശരീരവും മനസ്സും കൊണ്ട് ഈ കൊക്കൂണ്‍ അവസ്ഥയില്‍ നിന്ന് സുന്ദര ശലഭമായി പുറത്തുവരാം. മദ്യത്തില്‍ ആശ്രയം കാണരുത്. ഈ ശീലം വല്ലപ്പോഴുമായി പലപ്പോഴായി അത് എപ്പോഴുമാകുന്നു. മദ്യം ഒരു ചതിയനാണ്. നേരമ്പോക്കിനായി ശീലം തുടങ്ങിയാല്‍ അധികം വൈകാതെ മദ്യം നമ്മളെ കുടിക്കും. മദ്യാസക്തിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന വ്യക്തികളെ ഉടനെ സൈക്യാട്രിസ്റ്റിന്റെ അടുക്കല്‍ എത്തിക്കുക. സൈക്കോ ഡയഗ്നോസ്റ്റിക് പരിശോധനകളിലൂടെ ഈ മദ്യത്തിന്റെ ഉപയോഗം ദുശ്ശീലമാണോ മാനസികരോഗത്തിന്റെ ആരംഭമാണോ എന്നറിയാം.
5. ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അവരുടെ ഭാരിച്ച ജോലിക്കിടയില്‍ അവനവനെ മറക്കരുത്. വേണ്ടത്ര വിശ്രമം, ഭക്ഷണം, ഉറക്കം ഇവ ഉണ്ടായിരിക്കണം. ചുവരുണ്ടായാലേ ചിത്രമെഴുതാന്‍ പറ്റൂ.
6. ഇരുപത്തൊന്ന് ദിവസങ്ങള്‍ക്കുശേഷം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാലും നമ്മള്‍ സംയമനം പാലിക്കണം. ശ്രദ്ധയോടെ പെരുമാറണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
ആധി, പിരിമുറുക്കം കൂടുതല്‍ അനുഭവപ്പെടുന്നെങ്കില്‍ സര്‍ക്കാരിന്റെ ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാം. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (കേരള ശാഖ) മനഃശാസ്ത്ര സഹായം നല്‍കാന്‍ തയ്യാറാണ്.
ഡോ. ജഗദംബിക
(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: