അവരുടെ അതാതു രംഗത്തെ കാര്യശേഷി മറ്റുള്ളവര്‍ക്കു മാതൃകയാക്കാവുന്ന തരത്തില്‍ അവര്‍ തന്നെ പ്രകടമാക്കേണ്ടിയിരിക്കുന്നു. സത്യത്തിനും തെളിവു വേണമല്ലോ. വാളെടുത്തവരൊക്കെ വെളിച്ചപ്പാട് എന്ന ഇന്നത്തെ സ്ഥിതി ആശാസ്യമാണോ? പണ്ട് രാജാക്കന്മാരും പ്രഭുക്കളും ഗ്രാമമുഖ്യരും കഴിവു പരിശോധിച്ചു ബോധ്യപ്പെട്ടതിനു ശേഷമേ ആര്‍ക്കും അംഗീകാരം നല്കുമായിരുന്നൊള്ളൂ എന്നു പുരാതനസാഹിത്യങ്ങളിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാകും. അന്നു ഭൂരിഭാഗം ജനങ്ങളും നെല്ലും പതിരും വേര്‍തിരിക്കാനുള്ള വിവേകം കാണിച്ചിരുന്നു. ധര്‍മ്മവ്യാധന്റെ കഥ, വീരബല്‍- തെന്നാലി രാമന് കഥകള്‍ എന്നിവ നമ്മോടു പറയുന്നത് മറ്റെന്താണ്? സദാചാരം, ദുരാചാരം, അനാചാരം എന്നിവയെ ധര്‍മ്മത്തിന്റെ അളവുകോല്‍ കൊണ്ടു തിരിച്ചറിയാന്‍ നമ്മുടെ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവരെ പ്രാപ്തരാക്കേണ്ടതുണ്ട്. ആധ്യാത്മികശാസ്ത്രങ്ങള് കൈകാര്യം ചെയ്യുന്നവരുടെ പാരമ്പര്യം, പക്വത, യോഗ്യത എന്നിവ തിരിച്ചറിയാനുള്ള അറിവും വിവേകവും സമൂഹത്തിലുണ്ടാക്കേണ്ടതുണ്ട്. എന്തുതരം ആധ്യാത്മികവിദ്യാഭ്യാസമാണ് നാം പുതുതലമുറക്കേകേണ്ടത്? കഥാസരിത്സാഗരവും അമ്പിളിഅമ്മാവന്കഥകളും ഏകുന്ന ഗൃഹാതുരത്വം (nostalgia) മാത്രം നല്കിയാല് മതിയോ? സ്വപ്നാടനം നടത്താനുപകരിക്കുന്ന തരത്തില്‍ പുരാണങ്ങളും മറ്റും വിളമ്പുന്ന യക്ഷി- രക്ഷസ്സ് കഥകളും മന്ത്രവാദകഥകളും പുരാണകഥകളും യുക്തി-അനുഭവം എന്നിവയ്ക്കു നിരക്കാത്തതായ ആശയങ്ങളും ആചരണങ്ങളും അനുഷ്ഠാനങ്ങളും മറ്റുമാണോ പഠിപ്പിക്കേണ്ടത്? ഇഹലോകജീവിതത്തെക്കുറിച്ച്, സെമിറ്റിക് മതങ്ങളെപ്പോലെ, ഒന്നു തുമ്മിയാല്‍ പോലും കോപിക്കുന്ന അതിനിഷ്ഠുരങ്ങളായ അഭൗമശക്തികള്നിയന്ത്രിക്കുന്ന ഒരു നരകത്തിന്റെ ചിത്രമാണോ അവരുടെ ഉള്ളില്‍ വരക്കേണ്ടത്? എല്ലാം കര്‍മ്മഫലം, വിധി, തലേലെഴുത്ത് എന്നു വ്യാഖ്യാനിച്ച് കൊടുത്ത് അവരില്‍ വിഷാദവും ഉദാസീനതയും വളര്‍ത്തുകയാണോ വേണ്ടത്? ആധ്യാത്മികത ഈ ജീവിതത്തില്‍ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണെന്നു ബോധ്യപ്പെടുത്താന്‍ കഴിയേണ്ടേ? അതു വഴി ആത്മവിശ്വാസവും ആത്മാനുഭൂതിക്കായുള്ള ദാഹവും അതു നേടാനുള്ള ചങ്കുറപ്പും പേറുന്ന, ഊര്‍ജ്ജസ്വലരായ, കര്‍മ്മനിരതരായ, സാമൂഹ്യപ്രതിബദ്ധതയുള്ള, സുന്ദരമായ ഈ ഭൂമിയില്‍ ഇരുകാലുകളും ഉറപ്പിച്ചു നില്ക്കുന്ന ഒരു തലമുറയെയല്ലേ നാം സൃഷ്ടിക്കേണ്ടത്? ആധ്യാത്മികരംഗത്തെ നെല്ലും പതിരും വേര്‍തിരിക്കാനുള്ള വിവേകം അവരിലുണര്ത്തേണ്ടേ? നമ്മുടെ ശാസ്ത്രങ്ങളെപ്പറ്റി ഗവേഷണപഠനങ്ങള്‍ നടത്താന്‍ ഉള്ള ഔത്സുക്യം അവരിലുണര്ത്തേണ്ടേ? അനുഭവം അല്ലേ വിശ്വാസത്തിന്റെയും അനുമാനാദിയുക്തിചിന്തയുടെയും ഉരകല്ലാകേണ്ടത്? തെളിവിന്റെ അടിസ്ഥാനത്തില്‍ (evidence based) വേണ്ടേ ആചാരാനുഷ്ഠാനങ്ങളെ വിലയിരുത്തേണ്ടതും പിന്തുടരേണ്ടതും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: