തിരുവനന്തപുരം: കോവിഡ് ലോക്ഡൗണ്‍ കാലത്ത് നോക്കുകൂലി കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. തിരുവല്ലയില്‍ ലോറിയില്‍ നിന്ന് സണ്‍ഫ്ളവര്‍ ഇറക്കാന്‍ വന്നപ്പോള്‍ നോക്കുകൂലി വേണമെന്ന് സി ഐ ടി യു തൊഴിലാളികള്‍ നിര്ബന്ധിച്ചതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നോക്കുകൂലി സമ്പ്രദായത്തെ കേരളത്തിലെ എല്ലാ സംഘടിത തൊഴിലാളി യൂണിയനുകളും തള്ളിപ്പറഞ്ഞതാണ്. നമ്മുടെ സമൂഹം നേരത്തെ ഒഴിവാക്കിയ ഒരു പ്രവണത ഈ ഘട്ടത്തില്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം അംഗീകരിക്കാനാവില്ല.
പൊതുധാരണയില്‍ നിന്ന് വ്യത്യസ്തമായി നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കും. ഇത്തരമൊരു ഘട്ടത്തില്‍ നോക്കുകൂലി വീണ്ടും പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ല. ഫലപ്രദമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറ്റ് ചില ചരക്കുകളും ചിലയിടത്ത് ഇറക്കാന്‍ ചെന്നപ്പോള്‍ നോക്കുകൂലി ആവശ്യപ്പെടുന്ന സംഭവം ഉണ്ടായി. അത്തരം വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് മാറിനില്‍ക്കണം. അംഗീകൃത കൂലിക്ക് അര്‍ഹതയുണ്ടെങ്കില്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ. അനാവശ്യമായ ഒന്നും ആഗ്രഹിക്കുന്ന നില ആരിലും ഉണ്ടാകരുത്. അങ്ങനെയുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹ അടുക്കള നടത്തിപ്പില്‍ രാഷ്ട്രീയ ഇടപെടല്‍ വേണ്ടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പലസ്ഥലങ്ങളിലും അടുക്കണ നടത്തിപ്പ് സിപിഎം കാര്‍ കയ്യടക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.. സമൂഹ അടുക്കള രാഷ്ട്രീയ സംഘടനകള്‍ ഏറ്റെടുത്തതായി ശ്രദ്ധയില്‍ പെട്ടെന്നും അത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ ലോക്ക്ഡൗണ്‍ അവസാനിക്കുകയാണെന്ന പ്രതീതിയില്‍ റോഡില്‍ ഇറങ്ങുന്നതിന്റെ തോത് വര്‍ധിച്ചു.വലിയ തിരക്കാണ് ഇന്ന് വടക്കന്‍ കേരളത്തില്‍ കണ്ടത്. ഇത് ഗൗരവമായി കാണേണ്ട കാര്യമാണ്. ഒരു കാരണവശാലും കൂടിച്ചേരലുകള്‍ അനുവദിക്കാന്‍ കഴിയില്ല.മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: